കണ്ണൂര്‍: അഴീക്കോട് ഹൈസ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയില്‍ രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിനായി കെ.എം.ഷാജി എംഎല്‍എ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫിസിലെത്തി. ചൊവ്വാഴ്ച പത്തര മണിക്കൂറാണ് ഷാജിയെ ചോദ്യം ചെയ്തത്. വേണ്ടത്ര രേഖകള്‍ ഇ.ഡിക്ക് കൈമാറിയിട്ടുണ്ടെന്നും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയുടെ അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും കെ.എം.ഷാജി പറഞ്ഞു.
ഷാജിയുടെ വരുമാന ഉറവിടത്തെക്കുറിച്ചായിരുന്നു ഇ.ഡി പ്രധാനമായും ചോദിച്ചറിഞ്ഞത്. കോഴിക്കോട് മാലൂര്‍കുന്നില്‍ ഷാജി നിര്‍മിച്ച വീടിന് 1.60 കോടി രൂപ വിലമതിക്കുമെന്ന് കോര്‍പറേഷന്‍ ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. വീട് നിര്‍മിക്കാന്‍ ഭാര്യ വീട്ടുകാര്‍ ധനസഹായം നല്‍കിയതിന്റെ രേഖകള്‍ ഷാജി ഹാജരാക്കി. അക്കൗണ്ട് വഴിയാണ് പണം നല്‍കിയത്. രണ്ട് വാഹനങ്ങള്‍ വിറ്റു. 10 ലക്ഷം രൂപ വായ്പയെടുത്തു.
വയനാട്ടിലെ കുടുംബസ്വത്തില്‍ നിന്നുള്ള വിഹിതവും ഉപയോഗിച്ചു. വയനാട് കേന്ദ്രമായി ആരംഭിച്ച ജ്വല്ലറി ഗ്രൂപ്പില്‍ പങ്കാളിത്തമുണ്ടായിരുന്നു. 2010 ല്‍ പങ്കാളിത്തം ഒഴിഞ്ഞപ്പോള്‍ ലഭിച്ച പണവും വീട് നിര്‍മാണത്തിന് ഉപയോഗിച്ചതായി ഷാജി ഇഡിയെ അറിയിച്ചു. അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ പണം ആവശ്യപ്പെട്ടത് പാര്‍ട്ടിയുടെ പ്രാദേശിക കമ്മിറ്റിയാണ്. പണം വാങ്ങരുതെന്ന് പ്രവര്‍ത്തകരോടും നല്‍കരുതെന്ന് സ്കൂള്‍ മാനേജ്മെന്റിനോടും താന്‍ പറഞ്ഞിരുന്നതായി ഷാജി പറഞ്ഞു. എന്നാല്‍ സ്കൂള്‍ മാനേജ്മെന്റ് കമ്മിറ്റിയില്‍ അവതരിപ്പിച്ച കണക്കില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ നല്‍കിയതായി രേഖയുണ്ടായിരുന്നു. തന്റെ ഭാഗം പൂര്‍ണമായും ഇ.ഡിയെ ധരിപ്പിച്ചിട്ടുണ്ടെന്ന് ഷാജി പറഞ്ഞു.
തീര്‍ച്ചയായും ഉത്തരവാദിത്തപ്പെട്ട ഏജന്‍സിയാണ് ഇ.ഡി. അവരുടെ അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കേണ്ടതുണ്ട്. രേഖകള്‍ പരമാവധി ഹാജരാക്കിയിട്ടുണ്ട്. മറ്റുള്ളവ കൈമാറുന്നതിനും കുറച്ച് കൂടി കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനുമാണ് ഇ.ഡി ചോദ്യം ചെയ്യുന്നത്. ഏത് അന്വേഷണവും നേരിടാനുള്ള ചങ്കൂറ്റമുണ്ട്. അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കും.
അന്വേഷണവുമായി ബന്ധപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കളുടെയും സ്കൂള്‍ അധികൃതരുടെയും ഷാജിയുടെ ഭാര്യയുടെയും മൊഴി ഇഡി രേഖപ്പെടുത്തിയിരുന്നു.