കണ്ണൂര്‍: പട്ടാപ്പകല്‍ നടുറോഡില്‍ കാര്‍ നിന്ന് കത്തുന്നു. അന്തരീക്ഷത്തിലുയര്‍ന്ന ഭീകരമായ കൂട്ടനിലവിളികള്‍ക്കിടെ എന്തു ചെയ്യണമെന്നറിയാതെ ഒരുനിമിഷം തലയില്‍ കൈവെച്ച് നിന്നുപോയി നാട്ടുകാര്‍.
ആളിക്കത്തുന്ന തീയണക്കാന്‍ കണ്ടുനിന്നവര്‍ പരക്കംപായുന്നതിനിടെ ആ നിലവിളികള്‍ മെല്ലെയമരുന്നു.
തീനാളങ്ങള്‍ക്കിടയില്‍നിന്ന് എങ്ങനെയോ നാലുപേരെ തടിച്ചുകൂടിയവര്‍ രക്ഷപ്പെടുത്തുന്നു. ഹൃദയഭേദകമായിരുന്ന കാഴ്ചകള്‍ക്കാണ് വ്യാഴാഴ്ച രാവിലെ 10.40ന് കണ്ണൂര്‍ ജില്ല ആശുപത്രിക്കു സമീപം നാട്ടുകാര്‍ സാക്ഷ്യം വഹിച്ചത്.
പൂര്‍ണ ഗര്‍ഭിണിയായ കുറ്റ്യാട്ടൂര്‍ കാരാറമ്ബ് സ്വദേശികളായ റീഷ (26)യെ പ്രസവവേദനയെ തുടര്‍ന്ന് ജില്ല ആശുപത്രിയിലേക്ക് എത്തിക്കാനാണ് ഭര്‍ത്താവ് പ്രജിത്തും (32) ഇവരുടെ മകളും മാതാപിതാക്കളും കാറില്‍ രാവിലെ വീട്ടില്‍നിന്ന് പുറപ്പെട്ടത്.
ജില്ല ആശുപത്രിയിലെത്താന്‍ മീറ്ററുകള്‍ മാത്രം ശേഷിക്കെയാണ് കാറില്‍നിന്ന് പുകയുയര്‍ന്നതും പിന്നാലെ തീ കത്തിപ്പടര്‍ന്നതും.
റീഷയുടെ മകളും മാതാപിതാക്കളും ഉള്‍പ്പടെ നാലുപേരാണ് പിന്‍സീറ്റിലിരുണ്ടായിരുന്നത്. ഇവരെ ഒരുവിധം നാട്ടുകാര്‍ പുറത്തിറക്കിയെങ്കിലും മുന്നിലെ ഡോറുകള്‍ തുറക്കാന്‍ റീഷക്കോ പ്രജിത്തിനോ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവര്‍ക്കോ കഴിഞ്ഞില്ല.
കാറിന്റെ ഡോറുകള്‍ ലോക്കായെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.കത്തുന്ന തീനാളങ്ങള്‍ക്കു മുന്നില്‍ അടുക്കാനാവാതെ പകച്ചുനിന്നുപോയി ജനം. ഒരുബക്കറ്റ് വെള്ളം പോലും കിട്ടാതെ കണ്ടുനിന്നവര്‍ കരഞ്ഞുപോയ നിമിഷങ്ങള്‍.
തൊട്ടടുത്ത് തന്നെ സ്ഥിതി ചെയ്യുന്ന ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു