അമൃത്‌സര്‍: കോണ്‍ഗ്രസിനെ തകര്‍ത്തെറിഞ്ഞ് പഞ്ചാബില്‍ എഎപി ഭരണം ഉറപ്പിക്കുന്നു. എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ചതുപോലെയാണ് സംസ്ഥാനത്ത് എഎപിയുടെ തേരോട്ടം.
89 സീറ്റില്‍ എഎപിയും 13 സീറ്റില്‍ കോണ്‍ഗ്രസും അഞ്ച് സീറ്റില്‍ ബിജെപിയും ഏഴു സീറ്റില്‍ ശിരോമണി അകാലിദളുമാണ് ലീഡ് ചെയ്യുന്നത്.
ഫലസൂചനകള്‍ പുറത്തുവന്ന ആദ്യ ഘട്ടം മുതല്‍ കോണ്‍ഗ്രസിനെ പിന്നിലാക്കി ശ്രദ്ധേയമായ ലീഡോടെയാണ് ആംആദ്മി പാര്‍ട്ടി മുന്നേറുന്നത്. 117 അംഗ പഞ്ചാബ് നിയമസഭയില്‍ എഎപി ഭരണം ഉറപ്പിച്ചുവെന്ന് തന്നെ പറയാം.
പ്രമുഖരെയെല്ലാം പിന്നിലാക്കിയാണ് ഭഗവന്ത്മാന്‍ സിംഗിന്റെ നേതൃത്വത്തില്‍ ആപ്പ് പഞ്ചാബില്‍ കസേര ഉറപ്പിക്കുന്നത്. ഡല്‍ഹിയ്ക്ക് ശേഷം ആദ്യമായി ആം ആദ്മി പാര്‍ട്ടി മറ്റൊരു സംസ്ഥാനത്തില്‍ അധികാരമേല്‍ക്കാന്‍ ഒരുങ്ങുകയാണ്. എഎപിയുടെ പ്രവര്‍ത്തകര്‍ ചൂല്‍ ഉയര്‍ത്തി ആഹ്ലാദപ്രകടനം തുടങ്ങിയിട്ടുണ്ട്.
അതേസമയം പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത്ത് ഛന്നി രണ്ട് സീറ്റിലും പിന്നിലാണ്. മുന്‍ പഞ്ചാബ് മുഖ്യമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ അമരീന്ദര്‍ സിംഗ്, പഞ്ചാബ് പിസിസി അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദു, ലാംബിയില്‍ മത്സരിച്ച മുന്‍ മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദല്‍, ശിരോമണി അകാലിദള്‍ അദ്ധ്യക്ഷന്‍ സുഖ്ബീര്‍ സിംഗ് ബാദല്‍ എന്നിവരും ഏറെ പിന്നിലാണ്.