മലപ്പുറം: മലപ്പുറം പരപ്പനങ്ങാടിയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ അടിയന്തര പ്രതിരോധ നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് . പരപ്പനങ്ങാടി മുന്‍സിപ്പാലിറ്റിയിലെ 16-ാം നമ്ബര്‍ വാര്‍ഡിലെ ഒരു വീട്ടില്‍ വളര്‍ത്തുന്ന കോഴികളെ പക്ഷിപ്പനി ബാധിച്ച് ചത്ത നിലയില്‍ കണ്ടെത്തിയിരുന്നു . ഭോപ്പാലിലെ ലാബിലേക്ക് അയച്ച മൂന്ന് സാംപിളുകളില്‍ രണ്ടിലും പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു . ഇതിന്റെ അടിസ്ഥാനത്തില്‍ ചുറ്റുവട്ടത്തെ മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാനാണ് അധികൃതരുടെ തീരുമാനം .
കോഴിക്കള്‍ ചത്ത വീടിന് രണ്ട് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷികളേയും മറ്റന്നാള്‍ മുതല്‍ കൊന്നു തുടങ്ങും . ഇതോടൊപ്പം പത്ത് കിലോമീറ്റര്‍ ചുറ്റളവിലെ മുഴുവന്‍ പക്ഷിഫാമുകളും അടയ്ക്കും. പരപ്പനങ്ങാടി മുനിസിപ്പാലിറ്റിയിലെ 15,16, 17, 28, 29 വാര്‍ഡുകളിലെ മുഴുവന്‍ പക്ഷികളേയും കൊന്നൊടുക്കാനാണ് തീരുമാനം.
പക്ഷികളെ കൊന്നൊടുക്കുന്നതിനായി ഇരുപത് ടീമുകളെ രൂപീകരിച്ചിട്ടുണ്ട്. ഇത്രയും വാര്‍ഡുകളിലെ വീടുകളിലും ഫാമുകളിലും കടകളിലുമായി നാലായിരം കോഴികളെങ്കിലും ഉണ്ടാവും എന്നാണ് പ്രാഥമിക നിഗമനം. രണ്ട് ദിവസം കൊണ്ടു മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാനാവും എന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.