തെക്കന്‍ ചൈന കടലില്‍ രൂപപ്പെട്ട ‘ന്യോള്‍ ‘ ചുഴലിക്കാറ്റിന്റെ സ്വാധീനത്തില്‍ അറബിക്കടലില്‍ കാലവര്‍ഷ കാറ്റ് ശക്തമാകും. ഒപ്പം ന്യോള്‍ ചുഴലിക്കാറ്റ് ദുര്‍ബലമായി ബംഗാള്‍ ഉള്‍ക്കടലില്‍ പ്രവേശിച്ച് നാളയോടെ ന്യൂനമര്‍ദം രൂപപ്പെടാനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. അതിനാല്‍ കേരളത്തില്‍ അടുത്ത ദിവസങ്ങളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മലയോര മേഖലകളില്‍ മഴശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.
കോട്ടയം, ഇടുക്കി ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലും തിങ്കളാഴ്ച്ച ഇടുക്കി, പാലക്കാട്, മലപ്പുറം കോഴിക്കോട്, വയനാട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാര അതോറിറ്റിയും നിര്‍ദേശം നല്കി.
മലയോര മേഖലകളിലേക്കുള്ള രാത്രി യാത്ര പൂര്‍ണമായി ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്. കേരള തീരത്ത് ശക്തമായ കാറ്റിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുളളതിനാല്‍ മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്. കടലേറ്റ ഭീഷണിയുള്ളതിനാല്‍ തീരമേഖലയില്‍ താമസിക്കുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.