ന്യൂപക്ഷങ്ങളെ ക്രൂരമായി വേട്ടയാടുന്ന പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ പ്രസംഗം ആരും കേള്‍ക്കില്ല: ആഞ്ഞടിച്ച്‌ ഇന്ത്യ

ജനീവ: പാക്കിസ്ഥാന്‍ ന്യൂനപക്ഷ വേട്ട അവസാനിപ്പിക്കണമെന്ന് ഇന്ത്യ. ജനീവയില്‍ നടന്ന 45 ാമത് മനുഷ്യാവകാശ കൗണ്‍സിലിലാണ് ഹിന്ദു, ക്രിസ്ത്യന്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷ സമൂഹങ്ങള്‍ക്കു പാക്കിസ്ഥാനില്‍ നേരിടേണ്ടിവരുന്ന പീഡനങ്ങള്‍ക്കെതിരെ ഇന്ത്യ ആഞ്ഞടിച്ചത്. പാക്കിസ്ഥാനെ ഭീകരവാദത്തിന്റെ പ്രഭവകേന്ദ്രമെന്നു വിശേഷിപ്പിച്ച ഇന്ത്യ, ന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്ന പാക്കിസ്ഥാന്‍ നടത്തുന്ന മനുഷ്യാവകാശ പ്രസംഗങ്ങള്‍ ആരും കേള്‍ക്കില്ലെന്നും തുറന്നടിച്ചു.’ഭീകരതയുടെ പ്രഭവകേന്ദ്രമായ, പെന്‍ഷന്‍ നല്‍കുന്നതില്‍ വേര്‍തിരിവു കാണിക്കുന്ന, സാംസ്കാരിക- മത ന്യൂനപക്ഷങ്ങളെ നിരന്തരം വേട്ടയാടുന്ന, അതിനേക്കാളുപരി ജമ്മു കശ്മീരിനെ ആക്രമിക്കാന്‍ പതിനായിരക്കണക്കിനു ഭീകരരെ പരീശിലിപ്പിക്കുന്നുണ്ടെന്ന് അഭിമാനപൂര്‍വം പറയുന്ന ഒരു പ്രധാനമന്ത്രിയുടെ രാജ്യത്തുനിന്ന് മനുഷ്യാവകാശത്തെ കുറിച്ചുള്ള ഈ തന്നിഷ്ട പ്രഭാഷണം ഇന്ത്യയോ മറ്റു രാജ്യങ്ങളോ കേള്‍ക്കാന്‍ അര്‍ഹമല്ല.

നീചമായ നിയമങ്ങളിലൂെടയും നിര്‍ബന്ധിത മത പരിവര്‍ത്തനങ്ങളിലൂടെയും കൊലപാതകങ്ങള്‍, കലാപങ്ങള്‍ എന്നിവയിലൂടെയും വിശ്വാസാധിഷ്ഠിതമായ വേര്‍തിരിവുകളിലൂടെയും സാംസ്കാരിക- മത ന്യൂനപക്ഷങ്ങള്‍ക്ക് പാക്കിസ്ഥാനില്‍ ഇനി ഭാവിയില്ലെന്ന് വിളിച്ചുപറയുകയാണ്. ആയിരക്കണക്കിന് ഹിന്ദു, സിഖ്, ക്രിസ്ത്യന്‍ സ്ത്രീകളും പെണ്‍കുട്ടികളും ദിവസേന ക്രൂരമായ പീഡനങ്ങള്‍ക്കും നിര്‍ബന്ധിത വിവാഹത്തിനും മത പരിവര്‍ത്തനത്തിനും വിധേയരാവുകയാണ്. ‘- പാക്കിസ്ഥാന്റെ പ്രസ്താവനയ്ക്ക് ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി മറുപടി നല്‍കി.

പാക്കിസ്ഥാന്‍ ഭീകരതെ ഇല്ലാതാക്കുന്നതില്‍ പരാജയപ്പെട്ടുവെന്ന് വിവിധ കോണില്‍നിന്ന് ഉയരുന്ന ആക്ഷേപങ്ങളില്‍ യാതൊരു അദ്ഭുതവുമില്ലെന്നും അദ്ദേഹം പറഞ്ഞു. പുറത്തു നിന്നുള്ളവരുടെ തള്ളിക്കയറ്റം കാരണം പാക്ക് അധിനിവേശ കശ്മീര്‍, ലഡാക്ക് തുടങ്ങിയ ഇന്ത്യയുടെ കേന്ദ്ര ഭരണപ്രദേശങ്ങളിലെ കശ്മീരികളുടെ എണ്ണം കുറഞ്ഞുവരികയാണെന്നും പാക്ക് അധിനിവേശ കശ്മീരിലെ മോശം അവസ്ഥയെ മുന്‍നിര്‍ത്തി ഇന്ത്യന്‍ പ്രതിനിധി പറഞ്ഞു.

പാക്കിസ്ഥാനില്‍ മാധ്യമപ്രവര്‍ത്തകരും മനുഷ്യാവകാശ പ്രവര്‍ത്തകരും നിരന്തരമായി ആക്രമിക്കപ്പെടുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ രാജ്യത്ത് സ്വന്തം ജനങ്ങളോട് കാണിക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനത്തില്‍നിന്ന് രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ തിരിക്കാന്‍ മനുഷ്യാവകാശ കൗണ്‍സില്‍ പോലുള്ള വേദികളില്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങള്‍ ഉന്നയിക്കരുതെന്നും ഇന്ത്യ ശക്തമായ ഭാഷയില്‍ താക്കീത് നല്‍കി

Related posts

Leave a Comment