ന്യൂനമര്‍ദം വ്യാഴാഴ്ച രൂപപ്പെടും ; മല്‍സ്യതൊഴിലാളികള്‍ ജാഗ്രത പാലിക്കണം ; സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരുന്നതായി മുഖ്യമന്ത്രി

തിരുവനന്തപുരം : ദക്ഷിണ ആന്‍ഡമാന്‍ കടലില്‍ ഏപ്രില്‍ 30 നോട് കൂടി ഒരു ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തുടര്‍ന്നുള്ള 48 മണിക്കൂറില്‍ ന്യൂനമര്‍ദം കൂടുതല്‍ ശക്തി പ്രാപിക്കുകയും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ക്കടുത്ത് കൂടെ മുന്നേറാനുള്ള സാധ്യതയുമാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്.

ഈ സാഹചര്യത്തില്‍ ന്യൂനമര്‍ദത്തിന്റെ രൂപീകരണവും അതുമായി ബന്ധപ്പെട്ട് ഉണ്ടാകാന്‍ ഇടയുള്ള മോശം കാലാവസ്ഥയും സൂക്ഷ്മമായി നിരീക്ഷിച്ച്‌ വരികയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. മത്സ്യബന്ധനത്തിനായി കടലില്‍ പോകുന്ന മത്സ്യതൊഴിലാളികള്‍ കാലാവസ്ഥ വകുപ്പിന്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും മുന്നറിയിപ്പുകള്‍ കര്‍ശനമായി പാലിക്കേണ്ടതാണ് എന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
ന്യൂനമര്‍ദം മേയ് ആദ്യവാരത്തോടെ ചുഴലിക്കാറ്റായി മാറിയേക്കാമെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. ഇത്തവണയും ശക്തമായ കാലവര്‍ഷം ഉണ്ടാകുമെന്നാണ് പ്രവചനം. കേരളത്തിലും തമിഴ്‌നാട്ടിലും ശ്രീലങ്കയിലും ഈ വര്‍ഷം പതിവിലും കൂടുതല്‍ കാലവര്‍ഷം ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ സംഘടനയായ സൗത്ത് ഏഷ്യന്‍ ക്ലൈമറ്റ് ഫോറത്തിന്റെ (സാസ്‌കോഫ്) പഠനവും സൂചിപ്പിക്കുന്നത്.

Related posts

Leave a Comment