കാട്ടാക്കട: ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് നെയ്യാര്‍ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെയാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകളും രണ്ടു ഇഞ്ച് വീതം തുറന്നത്. ഡാമില്‍ 80.100 മീറ്റര്‍ ജലമാണ് ഇപ്പോഴുള്ളത്. പരമാവധി നിരപ്പ് 84.75 മീറ്റര്‍ ആണ്.
കാലര്‍ഷം കനക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്. ഞായറാഴ്ച 79.240 മീറ്റര്‍ ജലമാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഇന്ന് രാവിലെയോടെ ജലനിരപ്പ് ഉയരുകയായിരുന്നു. തുടര്‍ന്നാണ് ഡാമിന്റെ നാല് ഷട്ടറുകളും തല്ക്കാലം രണ്ടിഞ്ച് തുറന്നത്. ഞായറാഴ്ച ജില്ലാ കലക്ടര്‍ ഉള്‍പ്പടെ ഡാമിലെത്തുകയും ജലനിരപ്പ് മനസിലാക്കുകയും ചെയ്തിരുന്നു. ഇനിയും ഷട്ടറുകള്‍ ഉയര്‍ത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവര്‍ നല്കുന്ന സൂചന. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാര്‍, കല്ലാര്‍, മുല്ലയാര്‍ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാര്‍ തുടങ്ങിയ 20 ചെറു നദികളിലും കനത്ത വെള്ളമാണ് ഉള്ളത്.
വനത്തില്‍ കനത്ത മഴ പെയ്തതിനെ തുടര്‍ന്നാണ് നല്ല നീരൊഴുക്കുള്ളത്. ആറിന്റെ ഇരു കരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധിക്യതര്‍ അറിയിച്ചു.