കണ്ണൂര്‍: വര്‍ഗീയ ഫാസിസ്റ്റുകളുമായി സന്ധി ചെയ്യാന്‍ മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ജവഹര്‍ ലാല്‍ നെഹ്റു സന്‍മനസ് കാണിച്ചുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.
ആര്‍എസ്‌എസ് നേതാവ് ശ്യാം പ്രസാദ് മുഖര്‍ജിയെ നെഹ്റു മന്ത്രിസഭയില്‍ മന്ത്രിയാക്കിയത് അങ്ങനെയാണ്. കോണ്‍ഗ്രസുകാരനല്ലാത്ത അംബേദ്കറെയും മന്ത്രിയാക്കി.
അംഗീകൃത പ്രതിപക്ഷമില്ലാഞ്ഞിട്ടും എ കെ ഗോപാലന് പ്രതിപക്ഷ നേതൃപദവി നല്‍കിയതും ഉയര്‍ന്ന ജനാധിപത്യ ബോധത്തിന്റെ ഭാഗമായാണെന്നും നെഹ്റുവിന്റെ ജന്‍മദിനത്തോടൊനുബന്ധിച്ച് കണ്ണൂര്‍ ഡിസിസി സംഘടിപ്പിച്ച നവോത്ഥാന സദസ്സില്‍ സുധാകരന്‍ കുറ്റപ്പെടുത്തി.
താന്‍ ആര്‍എസ്‌എസിനെ സഹായിച്ചുവെന്ന ഏറ്റുപറച്ചില്‍ വിവാദമായ സാഹചര്യത്തിലാണ് നെഹ്റുവിനെ ചാരിയുള്ള ന്യായവാദം. താന്‍ മാത്രമല്ല, നെഹ്റുവും ആര്‍എസ്‌എസുമായി സന്ധിചെയ്തുവെന്ന് സ്ഥാപിക്കുകയാണ് ലക്ഷ്യം.
സിപിഐ എം ഉള്‍പ്പെടെയുള്ള ഇടതുപക്ഷം നിരന്തരം പറയുന്ന കാര്യമാണ് മതേതരവാദിയായ നെഹ്റുപോലും കോണ്‍ഗ്രസിലെ ഹിന്ദുത്വശക്തിളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയെന്നത്.
ഇങ്ങനെ കോണ്‍ഗ്രസിന്റെ നിരവധി മൃദുഹിന്ദുത്വ സമീപനങ്ങളിലൊന്നായി ചൂണ്ടിക്കാട്ടുന്നതാണ് ആദ്യ നെഹ്റു മന്ത്രിസഭയില്‍ ശ്യാംപ്രസാദ് മുഖര്‍ജിയെ ഉള്‍പ്പെടുത്തിയത്. എന്നാല്‍ അതിന്റെ പഴി മുഴുവന്‍ നെഹ്റുവിന് ചാര്‍ത്തിക്കൊടുക്കുകയാണ് സുധാകരന്‍.