തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ദമ്പതികളുടെ മരണം ക്രൈംബ്രാഞ്ച് അന്വേഷിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഡി ജി പി പുറത്തിറക്കി. പൊലീസിനെതിരെ ആരോപണമുളളതിനാല്‍ മറ്റൊരു ഏജന്‍സി അന്വേഷിക്കണമെന്ന റൂറല്‍ എസ് പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ പശ്‌ചാത്തലത്തിലാണ് നടപടി.
ആത്മഹത്യയ്ക്ക് ഇടയാക്കിയ സാഹചര്യമടക്കം ക്രൈംബ്രാഞ്ച് അന്വേഷിക്കും. തിരുവനന്തപുരം യൂണിറ്റിനാണ് അന്വേഷണ ചുമതല. നെയ്യാറ്റിന്‍കര ഡി വൈ എസ് പിയായിരുന്നു ഇതുവരെ കേസ് അന്വേഷിച്ചിരുന്നത്.
അതിയന്നൂര്‍ പഞ്ചായത്തിലെ പോങ്ങില്‍ നെട്ടതോട്ടം ലക്ഷംവീട് കോളനിയില്‍ രാജന്‍, ഭാര്യ അമ്പിളി എന്നിവരാണ് കഴിഞ്ഞ ദിവസം മരിച്ചത്. ഗുരുതരമായി പൊളളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു ഇരുവരും. രാജന്‍ ഞായറാഴ്‌ച രാത്രിയും അമ്ബിളി തിങ്കളാഴ്‌ച രാത്രിയുമാണ് മരിച്ചത്.
വീട് ഒഴിപ്പിക്കാനുളള പൊലീസിന്റെ തിടുക്കമാണ് മരണത്തിന് കാരണമായതെന്ന് മരിച്ച രാജന്റെയും അമ്പിളിയുടെയും മക്കളായ രഞ്ജിത്തും രാഹുലും ആരോപിച്ചിരുന്നു. താന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നില്ലെന്നും, പൊലീസുകാരന്‍ തീ തട്ടി ദേഹത്തേക്ക് ഇടുകയായിരുന്നു എന്നും മരിക്കുന്നതിന് മുമ്ബ് രാജന്‍ മൊഴി നല്‍കിയിരുന്നു.