നെടുങ്കണ്ടം തൂക്കുപാലത്ത് ഓട്ടോറിക്ഷ ഡ്രൈവറെ അക്രമി വെട്ടിപ്പരിക്കേല്‍പ്പിച്ചു

ഇടുക്കി: നെടുങ്കണ്ടം തൂക്കുപാലത്ത് ഓട്ടോറിക്ഷാ ഡ്രൈവറെ പട്ടാപ്പകല്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു. പ്രതി നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ കടുക്കന്‍ സന്തോഷ് ഒഴിവിലാണ്.

ഓട്ടോ റിക്ഷാ ഡ്രൈവറായ ഹരി എന്നയാള്‍ക്കാണ് വെട്ടേറ്റത്. ഇയാളെ തൂക്കുപാലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യക്തിവൈരാഗ്യമാണ് ആക്രമണത്തിന് കാരണം.

രാവിലെ ഒമ്ബതരയോടെ കുട്ടികളെ സ്‌കൂളില്‍ കൊണ്ടുപോയി വിട്ടശേഷം മടങ്ങിയ ഓട്ടോ തടഞ്ഞുനിര്‍ത്തിയാണ് സന്തോഷ് ഹരിയെ വെട്ടിയത്. ഇരുവരും തമ്മില്‍ മുന്‍പും ഏറ്റുമുട്ടല്‍ ഉണ്ടായിരുന്നു.

വായ്പ തിരിച്ചടവ് മുടങ്ങിയതിന് ഒരു വ്യാപാരിയുടെ വാഹനം പിടിച്ചെടുക്കുന്നതിന് എത്തിയ സന്തോഷിനെ ഹരി തടഞ്ഞതാണ് വൈരാഗ്യത്തിന് കാരണം.

ആക്രമണത്തിനു ശേഷം കാറില്‍ കയറി രക്ഷപ്പെട്ട സന്തോഷ് തമിഴ്‌നാട് ഭാഗത്തേക്ക് കടന്നുവെന്നാണ് സൂചന. ഹരിയുടെ കൈയ്ക്കാണ് വെട്ടേറ്റത്. മൂന്നു തവണ വെട്ടേറ്റിട്ടുണ്ട്. കഴുത്തിനുള്ള വെട്ട് തടയുകയായിരുന്നുവെന്നാണ് സൂചന.

Related posts

Leave a Comment