നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് അവസാനമായത്; തലമുറകളുടെ നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗമാണ് സഫലമായത്; രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി

അയോധ്യ : രാമക്ഷേത്ര ശിലാസ്ഥാപനം ഐതിഹാസിക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനാണ് അവസാനമായത്. തലമുറകളുടെ നൂറ്റാണ്ടുകള്‍ നീണ്ട ത്യാഗമാണ് സഫലമായത്. രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മനസ്സ് പ്രകാശഭരിതമായിയെന്നും അയോധ്യയില്‍ രാമക്ഷേത്ര ശിലാസ്ഥാപനത്തിന് ശേഷം നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞു.

രാമക്ഷേത്രത്തിനായി നടന്ന പോരാട്ടം സ്വാതന്ത്ര്യസമരത്തിന് സമാനമാണ്. പല തലമുറകള്‍ പല നൂറ്റാണ്ടുകള്‍ പോരാടിയാണ് ലക്ഷ്യത്തിലെത്തിയത്. അയോധ്യയിലെ രാമക്ഷേത്രം ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമാകും. രാമക്ഷേത്രത്തിന്റെ ശിലകള്‍ സാഹോദര്യം കൊണ്ട് ചേര്‍ത്തുവെയ്ക്കണം. എല്ലാവരെയും ഒപ്പം നിര്‍ത്തി മുന്നോട്ടുപോകണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു.

ശ്രീരാമന്‍ ഐക്യത്തിന്റെ പ്രതീകമാണ്. രാമന്‍ നമ്മുടെ മനസ്സിലും ഹൃദയത്തിലും ജീവിക്കുന്നു. തലമുറകളുടെ ത്യാഗത്തിന്റെയും നിശ്ചയദാര്‍ഡ്യത്തിന്റെയും പ്രതീകമാണ് രാമക്ഷേത്രം. രാമജന്മഭൂമി ഇന്ന് സ്വതന്ത്രമായി. ജന്മഭൂമിയില്‍ നിന്ന് രാമനെ നീക്കാനുള്ള ശ്രമം പരാജയപ്പെട്ടു. ത്യാഗത്തിന്റെ പ്രതീകമാണ് രാമജന്മഭൂമി.

ഓരോ ഭാരതീയനിലും രാമന്റെ അംശമുണ്ട്. ഒരു വേര്‍തിരിവും അരുതെന്നാണ് രാമന്‍ പഠിപ്പിക്കുന്നത്. സരയൂ തീരത്ത് യാഥാര്‍ത്ഥ്യമായത് സുവര്‍ണ ചരിത്രമാണ്. രാമന്റെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. 500 വര്‍ഷം നീണ്ട കാത്തിരിപ്പാണ് ഇപ്പോള്‍ സാക്ഷാത്കരിക്കപ്പെട്ടതെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 130 കോടി ജനങ്ങളുടെ ആഗ്രഹമാണ് സഫലമായത്. മോദിയുടെ സാന്നിധ്യം ഈ ചരിത്രമുഹൂര്‍ത്തത്തിന് പൂര്‍ണത കൈവരാന്‍ ഇടയാക്കിയെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി വെള്ളിശില പാകി രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കം കുറിച്ചിരുന്നു. ഭൂമി പൂജകള്‍ക്ക് ശേഷമാണ് പ്രധാനമന്ത്രി ക്ഷേത്രത്തിന് ശിലപാകിയത്. ശ്രീരാമ ജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ മഹന്ദ് നൃത്യ ഗോപാല്‍ ദാസ് സംഭാവനചെയ്ത 40 കിലോഗ്രാം തൂക്കമുള്ള വെള്ളിക്കട്ടിയാണ് ശിലാസ്ഥാപനത്തിന് ഉപയോഗിച്ചത്.

പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രഭൂമിയില്‍ പാരിജാതത്തൈ നട്ടു. ഇതിന് ശേഷമാണ് ഭൂമിപൂജ ചടങ്ങുകള്‍ ആരംഭിച്ചത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, യു പി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവത്, രാമജന്മഭൂമി തീര്‍ഥക്ഷേത്രം ട്രസ്റ്റ് അധ്യക്ഷന്‍ നൃത്യ ഗോപാല്‍ദാസ് മഹാരാജ് എന്നിവരാണ് മോദിക്കൊപ്പം ചടങ്ങില്‍ പങ്കെടുത്തത്. 173 ഓളം അതിഥികളെയാണ് ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നത്. ക്ഷണിതാക്കളില്‍ 135 പേര്‍ മതനേതാക്കളാണ്.

Related posts

Leave a Comment