നിർത്തിയിട്ട കാർ പിന്നോട്ടോടി; നിലവിളിച്ച് സ്ത്രീകൾ: രക്ഷകനായി ബൈക്ക് യാത്രികൻ

മലപ്പുറം:  കോട്ടയ്ക്കൽ നഗരത്തിൽ വഴിയരികില്‍ നിര്‍ത്തിയിട്ട കാര്‍ ഡ്രൈവര്‍ പുറത്തിറങ്ങിയതിനു പിന്നാലെ വേഗത്തിൽ പിന്നോട്ടോടി.

ബൈക്ക് യാത്രികൻ ജീവൻ പണയം വച്ച് നടത്തിയ സമയോചിതമായ ഇടപെടൽ കാറിനുള്ളിലുള്ളവരുടെ ജീവൻ രക്ഷിച്ചു.

വാഹനങ്ങൾ ചീറിപ്പായുന്ന നഗരത്തിലൂടെ വാഹനം പിന്നോട്ട് ഓടുന്നതും വാഹനത്തിലിരിക്കുന്ന ആളുകൾ ബഹളം വയ്ക്കുന്നതും സിസിടിവി ദൃശ്യങ്ങളിൽ കാണാം.

കാറിലുണ്ടായിരുന്ന പെണ്‍കുട്ടി വാഹനത്തിൽനിന്ന് സാധനം എടുക്കുന്നതിനിടെ വാഹനം പിന്നോട്ടു പോകുന്നതും, മറ്റു വാഹനങ്ങൾക്ക് ഇടിയിലൂടെ കാർ മറുവശത്തേക്ക് കടക്കുന്നതും പെട്ടെന്ന് ഒരാൾ വന്ന് ഹാൻഡ് ബ്രേക്കിട്ട് നിർത്തുന്നതും വിഡിയോയിൽ കാണാം.

തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. തെന്നലയിലുള്ള ഒരു കുടുംബമാണ് കാറിലുണ്ടായിരുന്നതെന്നാണ് വിവരം. കാർ ഓടിച്ചിരുന്ന ആൾ വാഹനം ഓഫാക്കാതെ ഹാൻ‍ഡ് ബ്രേക്കിട്ട് നിർത്തിയ ശേഷം ബാങ്കിലേക്ക് പോയി.

വാഹനത്തിലുണ്ടായിരുന്നവരിൽ ആരുടെയോ കൈ തട്ടി ഹാൻഡ് ബ്രേക്ക് മാറി കാർ പിന്നോട്ടു ഓടുകയായിരുന്നെന്നാണ് വിവരം. കാറിൽ സ്ത്രീകളും കുട്ടികളും മാത്രമാണ് ഉണ്ടായിരുന്നത്.

ഇവർ നിലവിളിച്ചെങ്കിലും ചുറ്റുമുള്ളവർ ആരും ഓടിയെത്തിയില്ല.അതേസമയം ബൈക്കിൽ പോകുകയായിരുന്ന യുവാവാണ് ബൈക്ക് നിർത്തി ഓടിയെത്തി കാറില്‍ ചാടിക്കയറി ഹാൻഡ് ബ്രേക്കിട്ട് കാർ നിർത്തിയത്.

സംഭവത്തിന്റെ വിഡിയോ വൈറലായതോടെ യുവാവിന് അഭിനന്ദനവുമായി നിരവധി പേരാണ് സമൂഹമാധ്യമത്തിൽ എത്തുന്നത്.

Related posts

Leave a Comment