നിസര്‍ഗ ചുഴലിക്കാറ്റ് തീരത്തേക്ക്; 120 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശിയേക്കും; മുംബൈയില്‍ റെഡ്‌ അലര്‍ട്ട്

നിസര്‍ഗ ചുഴലിക്കാറ്റ് ഇന്ന് തീരം തൊടുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. തീവ്ര ചുഴലിക്കാറ്റായി മാറിയ നിസര്‍ഗ മഹാരാഷ്ട്രയിലെ അലിബാഗില്‍ ഉച്ചയ്ക്ക് ഒരു മണിക്കും വൈകുന്നേരം നാല് മണിക്കുമിടയില്‍ ആഞ്ഞടിച്ചേക്കും. മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ കാറ്റ് വീശിയേക്കുമെന്നാണ് കണക്കുകൂട്ടല്‍. ഇതേ തുടര്‍ന്ന് മുംബൈ, താനെ, പല്‍ഘര്‍, റായ്ഗഡ്, ധൂലെ, നന്ദൂര്‍ബാര്‍, നാസിക് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിലവില്‍ അലിബാഗില്‍ നിന്നും 130 കിലോമീറ്റര്‍ അകലെയാണ് ചുഴലിക്കാറ്റിന്‍്റെ സ്ഥാനം.

അതീവ ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുള്ള മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളില്‍ നിന്ന് ആയിരകണക്കിന് പേരെ ഒഴിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഗുജറാത്തിലെ തീരപ്രദേശങ്ങളില്‍ നിന്ന് മാത്രം 35,000 ത്തോളം ആളുകളെയാണ് മാറ്റിപാര്‍പ്പിച്ചത്. മഹാരാഷ്ട്രയിലെ പല്‍ഘറില്‍ 21,000 ത്തിലധികം പേരെ ഒഴിപ്പിച്ചെന്ന് ജില്ലാ കളക്ടര്‍ വ്യക്തമാക്കി. മുംബൈയിലെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപൊക്കമുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ഒന്നര കിലോമീറ്റര്‍ വരെ കടല്‍ കയറിയേക്കാമെന്നും കാലാവസ്ഥ വകുപ്പിന്‍്റെ മുന്നറിയിപ്പുണ്ട്.

കഴിഞ്ഞ ദിവസം രാത്രിയില്‍ മാത്രം മുംബൈയില്‍ 33 മില്ലിമീറ്റര്‍ മഴ പെയ്തിരുന്നു. ചുഴലിക്കാറ്റിനെ തുടര്‍ന്ന് മുംബൈ നഗരത്തില്‍ വിമാനങ്ങളും ചില ട്രെയിനുകളും റദ്ദാക്കി. ദാമന്‍ ആന്‍ഡ് ദിയു, ദാദ്ര ആന്‍ഡ് നാഗര്‍ ഹവേലി എന്നീ തീരങ്ങളിലും ജാഗ്രത നിര്‍ദേശമുണ്ട്.

ചുഴലിക്കാറ്റിനെ മുന്‍നിര്‍ത്തി ദുരന്ത നിവാരണ അതോറിറ്റി കേരളത്തില്‍ ജാഗ്രത നിര്‍ദേശം നല്‍കി. ഇന്ന് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മല്‍സ്യ തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ട് ആഴ്ച്ചയ്ക്കിടയില്‍ രാജ്യത്ത് വീശുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്. മണിക്കൂറില്‍ 185 കിലോമീറ്റര്‍ വേഗത്തില്‍ ബംഗാളില്‍ ആഞ്ഞടിച്ച ഉംപുന്‍ ചുഴലിക്കാറ്റില്‍ 98 പേര്‍ മരിച്ചിരുന്നു.

Related posts

Leave a Comment