നിയമസ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ല, കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചത്; മറുപടിയുമായി സി.എന്‍ മോഹനന്‍

കൊച്ചി: കോണ്‍ഗ്രസ് എംഎല്‍എ മാത്യൂ കുഴല്‍നാടനെതിരെ ഉന്നയിച്ച ആരോപണം മയപ്പെടുത്തി സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍.

മാത്യു കുഴല്‍നാടന്റെ നിയമസ്ഥാപനമായ കെഎംഎന്‍പിയെ അപകീര്‍ത്തിപ്പെടുത്തുന്ന ഒരു പരാമര്‍ശവും താന്‍ നടത്തിയിട്ടില്ല.

മാത്യൂ കുഴല്‍നാടന്റെ രാഷ്ട്രീയ കാപട്യം തുറന്നുകാട്ടാനാണ് ശ്രമിച്ചതെന്നും മോഹനന്‍ പറയുന്നു. നിയമസ്ഥാപനം നല്‍കിയ വക്കീല്‍നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു സി.എന്‍ മോഹനന്‍.

മാത്യൂ കുഴല്‍നാടന്റെ കമ്ബനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. മാത്യുവിന്റെ ഭൂമിയുടെ കാര്യം മാത്രമാണ് പറഞ്ഞതെന്നും മറുപടിയില്‍ പറയുന്നു. കെഎംഎന്‍പിയെ അപകീര്‍ത്തിപ്പെടുത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്നു.

സി.എന്‍ മോഹനന്‍ ഖേദം പ്രകടിപ്പിച്ച്‌ പ്രസ്താവന പിന്‍വലിക്കണമെന്നും അല്ലാത്ത പക്ഷം കമ്ബനി 2.5 കോടി മാനനഷ്ടക്കേസ് ആവശ്യപ്പെട്ട നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കാണിച്ച്‌ കമ്ബനി വക്കീല്‍ നോട്ടീസ് അയച്ചിരുന്നു.

മാത്യുവിന് ദുബായില്‍ അടക്കം ഓഫീസുണ്ടായിരുന്നു എന്നായിരുന്നു മുന്‍ ആക്ഷേപം. കള്ളപ്പണം വെളുപ്പിക്കാന്‍ മാത്യു നിയമസ്ഥാപനത്തെ ഉപയോഗിച്ചു എന്നും ആരോപിച്ചിരുന്നു.

രാഷ്ട്രീയ എതിരാളികളെ ആക്ഷേപിച്ച്‌ മനോവീര്യം തകര്‍ക്കുന്നത് സിപിഎം രീതിയാണ്. എല്ലാം ജനങ്ങള്‍ കണ്ടതാണ്. പൊതുപ്രവര്‍ത്തകനെന്ന നിലയില്‍ ആരോപണങ്ങള്‍ നേരിടാന്‍ താന്‍ ബാധ്യസ്ഥനാണ്.

എന്നാല്‍ സ്ഥാപനത്തിനെതിരെ സി.എന്‍ മോഹനന്റെ പരാമര്‍ശത്തില്‍ ശക്തമായ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും കുഴല്‍നാടന്‍ പറഞ്ഞു.

Related posts

Leave a Comment