തിരുവനന്തപുരം: നാളത്തെ നിയമസഭ സമ്മേളനത്തിന് വിശദീകരണം തേടി ഗവര്‍ണര്‍. സഭ ചേരേണ്ട അടിയന്തിര സാഹചര്യമെന്താണെന്ന് ഗവര്‍ണര്‍ സര്‍ക്കാരിനോട് ആരാഞ്ഞു. എന്നാല്‍ സഭ ചേരേണ്ട സാഹചര്യമുണ്ടെന്നും അനുമതി നല്‍കണമെന്നുമാണ് സര്‍ക്കാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടത്.
രാജ്യമാകെ കര്‍ഷകരുടെ പ്രതിഷേധത്തിനിടയാക്കിയ കാര്‍ഷിക നിയമത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനാണ് ഒരു മണിക്കൂര്‍ മാത്രം നീളുന്ന പ്രത്യേക നിയമസഭ സമ്മേളനം ചേരാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഡല്‍ഹിയിലെ സമരത്തിന് കേരളത്തിന്റെ ഐക്യദാര്‍ഡ്യം അറിയിക്കാനാണ് സമ്മേളനം ചേരുന്നതെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. എന്നാല്‍ ഇതില്‍ വിശദീകരണം ചോദിച്ചതോടെ സമ്മേളനത്തില്‍ അനിശ്ചിതത്വമുണ്ടായിരിക്കുകയാണ്.
കേന്ദ്രം പാസാക്കിയ മൂന്ന് കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ മുന്‍പ് പഞ്ചാബ് പ്രത്യേക നിയമസഭ സമ്മേളനം ചേര്‍ന്നിരുന്നു. നിലവില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അനുകൂലമായി കൂടുതല്‍ കര്‍ഷകര്‍ മഹാരാഷ്‌ട്രയില്‍ നിന്നും ഡല്‍ഹിയിലെത്തും. മദ്ധ്യപ്രദേശില്‍ നിന്ന് ആയിരം കര്‍ഷകര്‍ കഴിഞ്ഞ ദിവസം കര്‍ഷക സമരത്തിന് പിന്തുണയുമായി ഡല്‍ഹിയിലെത്തിയിരുന്നു. നവംബര്‍ 26ന് ആരംഭിച്ച കര്‍ഷക സമരം നിരവധി തവണ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ടും തീരുമാനമായില്ല. കേന്ദ്രം നിയമങ്ങള്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ നിയമം പിന്‍വലിക്കാനാകില്ലെന്നും ഭേദഗതിയാകാമെന്നുമാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കിയ സൂചന.