തിരുവനന്തപുരം: പതിഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളത്തിന് തുടക്കമായി. ഇത്തവണ സ്പീക്കര്‍ പാനല്‍ പൂര്‍ണമായും വനിതകളാണ്.
ഭരണപക്ഷത്തു നിന്നും യു.പ്രതിഭ, സി.കെ ആശ എന്നിവരും പ്രതിപക്ഷത്തു നിന്നും കെ.കെ രമയുമാണ് പാനലിലുള്ളത്. ഇത് ആദ്യമായാണ് സ്പീക്കര്‍ പാനലില്‍ മുഴുവന്‍ വനിതകള്‍ വരുന്നത്.
സ്പീക്കര്‍ എ എന്‍ ഷംസീര്‍ തന്നെയാണ് ഇത്തരത്തിലൊരു നിര്‍ദേശം മുന്നോട്ടുവച്ചത്. സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും ഇല്ലാത്ത സമയങ്ങളില്‍ സഭ നിയന്ത്രിക്കുന്നത് പാനലിലെ അംഗങ്ങളാണ്.
കോണ്‍ഗ്രസ് എംഎല്‍എ ഉമാ തോമസ് സഭയിലുണ്ടായിരുന്നിട്ടും പ്രതിപക്ഷം കെ കെ രമയെ നിര്‍ദ്ദേശിച്ചുവെന്നതും പ്രത്യേകതയാണ്. സ്പീക്കറായ ശേഷം ആദ്യമായി സെഷന് നിയന്ത്രിക്കാന്‍ പോകുന്നതിന്റെ സന്തോഷം ഷംസീര്‍ നേരത്തെ പങ്കുവച്ചിരുന്നു.
സ്പീക്കര്‍ പദവി പുതിയ റോളാണെന്നും തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണിതെന്നും അദ്ദേഹം പറഞ്ഞു.
നല്ല രീതിയില്‍ സഭ കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷയെന്നും, മുന്‍ഗാമികളെപ്പോലെ പ്രവര്‍ത്തിക്കാന്‍ ശ്രമിക്കുമെന്നും ഷംസീര്‍ വ്യക്തമാക്കിയിരുന്നു.