നിയമന കോഴ തട്ടിപ്പ് കേസില്‍ അഖില്‍ സജീവ് പിടിയില്‍ ; തേനിയില്‍ നിന്നും പിടികൂടിയത് പത്തനംതിട്ട പോലീസ്

പത്തനംതിട്ട: മെഡിക്കല്‍ ഓഫീസര്‍ നിയമന കോഴ തട്ടിപ്പ് കേസില്‍ പോലീസ് തെരയുന്നയാളായ അഖില്‍ സജീവ് പിടിയിലായതായി റിപ്പോര്‍ട്ട്.

തമിഴ്‌നാട്ടിലെ തേനിയില്‍ നിന്നും പത്തനംതിട്ട പോലീസാണ് ഇയാളെ പിടികൂടിയതെന്നാണ് വിവരം.

പത്തനംതിട്ട ഡിവൈഎസ്പി നന്ദകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഇന്ന് പുലര്‍ച്ചെ അഖിലിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.

അതീവ രഹസ്യമായിട്ടായിരുന്നു അഖിലിന് വേണ്ടിയുള്ള തെരച്ചിലും അറസ്റ്റും നടന്നത്.

നിയമനകോഴ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട വിവാദം തുടങ്ങിയതിന് പിന്നാലെ ഒളിവില്‍ പോയ അഖില്‍ സജീവിന് വേണ്ടി പത്തനംതിട്ട പോലീസും കന്റോണ്‍മെന്റ് പോലീസും തെരച്ചില്‍ നടത്തി വരികയായിരുന്നു.

2021 ലും 2022 ലും അഖിലിനെതിരേ പത്തനംതിട്ട പോലീസ് രണ്ടു കേസുകള്‍ റജിസ്റ്റര്‍ ചെയ്തിരുന്നെങ്കിലൂം രാഷ്ട്രീയ സ്വാധീനത്താല്‍ അറസ്റ്റ് നടന്നിരുന്നില്ല.

ഈ കേസുകളില്‍ വീണ്ടും അന്വേഷണം നടത്തുകയും പ്രതിയെ പിടികൂടുകയുമായിരുന്നു.

തേനി ബസ് സ്റ്റാന്റിന് സമീപത്തെ ലോഡ്ജില്‍ നിന്നുമായിരുന്നു അഖിലിനെ പിടികൂടിയത്.

മൂന്ന് ലക്ഷം തട്ടിയതുമായി ബന്ധപ്പെട്ട് പത്തനംതിട്ട പോലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളില്‍ അഖിലിനെ പിടികൂടാന്‍ പത്തനംതിട്ട പോലീസ് പ്രത്യേക സംഘത്തെ രൂപീകരിക്കുകയായിരുന്നു.

ഈ സമയത്ത് തന്നെ കന്റോണ്‍മെന്റ് പോലീസും ഇയാള്‍ക്കെതിരേ കേസെടുത്ത് തെരച്ചിലിനായി പ്രത്യേക ടീമിനെ രൂപീകരിച്ചിരുന്നു.

അഖിലിനായുള്ള തെരച്ചിലിനിടയില്‍ ഇയാള്‍ തമിഴ്‌നാട്ടില്‍ ഉണ്ടെന്ന് പോലീസിന് വിവരം കിട്ടിയിരുന്നു.

തുടര്‍ന്ന് ഇന്നലെ വൈകിട്ട് ഇയാള്‍ തേനിയില്‍ ഉണ്ടെന്ന് വിവരം കിട്ടുകയും പത്തനംതിട്ട പോലീസ് തേനിയിലേക്ക് തിരിക്കുകയും ഇന്ന് പുലര്‍ച്ചെ അഖിലിനെ കുരുക്കുകയുമായിരുന്നു.

ഇയാളെ ഇന്ന് രാവിലെ പത്തനംതിട്ടയില്‍ രഹസ്യമായി എത്തിച്ച്‌ ചോദ്യം ചെയ്തു വരികയാണ്.

വൈദ്യപരിശോധനയ്ക്ക് ശേഷം ഇന്നു തന്നെ കോടതിയില്‍ ഹാജരാക്കും. അതിന് ശേഷം കന്റോണ്‍മെന്റ് പോലീസ് നിയമനതട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അഖിലിനെ ഏറ്റുവാങ്ങും.

അതിനിടയില്‍ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട് കോട്ടയത്തും അഖില്‍ പണം തട്ടിയതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. സംസ്ഥാനത്തെ പല ജില്ലകളില്‍ നിന്നും ഇപ്പോള്‍ ആരോപണം ഉയര്‍ന്നു വന്നിട്ടുണ്ട്

Related posts

Leave a Comment