തിരുവനന്തപുരം: അധിക്ഷേപകരമായ വിഡിയോ പോസ്റ്റ് ചെയ്ത യൂട്യൂബര്‍ വിജയ് പി. നായരെ മര്‍ദിച്ച കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍. ജാമ്യം നല്‍കുന്നത് നിയമം കൈയ്യിലെടുക്കുന്നതിന് പ്രതികള്‍ക്ക് പ്രചോദനമാകുമെന്ന് പ്രോസിക്യൂഷന്‍ ചൂണ്ടിക്കാട്ടി. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിരുവനന്തപുരം ജില്ല കോടതി വെള്ളിയാഴ്ച വിധി പറയും.
അധിക്ഷേപകരവും അശ്ലീലകരവുമായ വിഡിയോ പോസ്റ്റ് ചെയ്ത വിജയ് പി. നായരെ ഭാഗ്യലക്ഷ്മി, ദിയ സന, ശ്രീലക്ഷ്മി അറക്കല്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഫേസ്ബുക്കില്‍ ലൈവ് ഇട്ടായിരുന്നു മര്‍ദനം.
വിജയ് പി. നായരുടെ പരാതിയിലാണ് ഭാഗ്യലക്ഷ്മി അടക്കമുള്ളവര്‍ക്കെതിരെ പൊലീസ് കേസ് എടുത്തത്. കവര്‍ച്ചശ്രമം, അസഭ്യം പറയല്‍, അതിക്രമിച്ചു കയറുക, സംഘം ചേര്‍ന്ന് മര്‍ദിക്കുക തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
യൂട്യൂബറെ കൈകാര്യം ചെയ്ത സംഘത്തിലെ ശ്രീലക്ഷ്മി അറക്കലിനെതിരെ ഫേസ്ബുക്ക് കൂട്ടായ്മയായ മെന്‍സ് റൈറ്റ്സ് അസോസിയേഷന്‍ സൈബര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. സമൂഹ മാധ്യമങ്ങളില്‍ ശ്രീലക്ഷ്മി പോസ്റ്റ് ചെയ്ക വിഡിയോകള്‍ സംസ്കാരത്തിന് ചേരാത്ത അശ്ലീല പരാമര്‍ശങ്ങള്‍ ഉണ്ടെന്നാണ് പരാതിയില്‍ പറയുന്നത്.
യൂട്യൂബര്‍മാരായ വിജയ് പി. നായര്‍ക്കും ശാന്തിവിള ദിനേശിനും എതിരായ പരാതികളില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മി ഡിജിറ്റല്‍ തെളിവുകള്‍ കൈമാറിയിട്ടുണ്ട്. ഭാഗ്യലക്ഷ്മിയുടെ പരാതിയില്‍ സംവിധായകന് ശാന്തിവിള ദിനേശിനെതിരെ പൊലീസ് കേസ് എടുത്തിരുന്നു.