ആലപ്പുഴ: മാവേലിക്കരയില്‍ നടന്ന വന്‍ ലഹരിമരുന്ന് വേട്ടയുമായി ബന്ധപ്പെട്ട മുഖ്യ പ്രതി ലിജു ഉമ്മനെ കണ്ടെത്താന്‍ ഊര്‍ജ്ജിത ശ്രമവുമായി പൊലീസ്.തഴക്കരയിലെ വാടകവീട്ടില്‍ നിന്നു 29 കിലോ കഞ്ചാവും വാറ്റ് ചാരായവും, നിരോധിത പുകയില ഉത്‌പന്നങ്ങളുമായി പിടിയിലായ കായംകുളം ചേരാവള്ളി തയ്യില്‍ തെക്കേതില്‍ നിമ്മിയെ പൊലീസ് വിശദമായി ചോദ്യം ചെയ്തു. ലഹരി മരുന്നുകള്‍ വീട്ടില്‍ സൂക്ഷിച്ചത് ലിജു ആണെന്നാണ് നിമ്മിയുടെ മൊഴി. അതേസമയം നിമ്മിയുടെ ഫോണില്‍ നിറയെ ഗുണ്ടാനേതാവ് ലിജു ഉമ്മന്റെ ചിത്രങ്ങളാണെന്നും ഫോണ്‍ വാള്‍ പേപ്പര്‍ തന്നെ ലിജു ഉമ്മന്റേതായിരുന്നെന്നും പൊലീസ് പറഞ്ഞു.നിമ്മിയുടെ ഫോണ്‍ പരിശോധിച്ചപ്പോള്‍ കിട്ടിയ ചിത്രങ്ങള്‍ പലതും ഗുണ്ടാസംഘങ്ങള്‍ നടത്തിയ വലിയ പാര്‍ട്ടികളുടെയും ആഘോഷങ്ങളുടേതുമായിരുന്നു. ലിജുവിന്റെ വ്യത്യസ്ത ഫോട്ടോകള്‍ നിമ്മിയുടെ ഫോണില്‍ ഉണ്ടായിരുന്നു. ചടങ്ങുകളുടെ ഫോട്ടോകളില്‍ ഉണ്ടായിരുന്ന വ്യക്തികളെ കണ്ടെത്തി ലിജു ഉമ്മനെ കുടുക്കാനുള്ള ശ്രമമാണു പൊലീസ് നടത്തുന്നത്. ലിജു ഉമ്മന്റെ സംഘത്തില്‍ തന്നെ ഉണ്ടായിരുന്ന കായംകുളം സ്വദേശിയുടെ ഭാര്യയാണു നിമ്മി.
അതേസമയം, ലിജു ഉമ്മന്‍ അറസ്റ്റിലായ നിമ്മിയുടെ വാടക വീട്ടിലെ നിത്യസന്ദര്ശകനായിരുന്നു എന്ന് റിപ്പോര്‍ട്ട്. രണ്ടു നില വീടിന്റെ താഴത്തെ നില വാടകയ്ക്കെടുത്തു നിമ്മിയും രണ്ടു കുട്ടികളുമാണു ഇവിടെ താമസിച്ചിരുന്നത്. ലിജു ഉമ്മന്‍ സ്ഥിരമായെത്തി ഇവിടെ താമസിച്ചിരുന്നതു അയല്‍വാസികള്‍ ശ്രദ്ധിച്ചിരുന്നെങ്കിലും ഭാര്യാ ഭര്‍ത്താക്കന്മാര്‍ എന്നാണു ധരിച്ചത്. മാത്രമല്ല, ആവശ്യക്കാര്‍ക്ക് കഞ്ചാവും, വാറ്റുചാരായവും ലിജു എത്തിച്ചിരുന്നത് നിമ്മിയേയും രണ്ടും കുട്ടികളെയും മുന്‍നിര്‍ത്തിയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. വീടിന്റെ താഴത്തെ നില ആഡംബരക്കാറില്‍ യുവതിയെയും കുഞ്ഞുങ്ങളെയും കൂട്ടി യാത്ര ചെയ്യുമ്ബോള്‍ പൊലീസ് ചെക്കിങ്ങില്‍ നിന്ന് ഒഴിവാകുമായിരുന്നു. ഈ അവസരം മുതലെടുത്ത് ലഹരി കടത്തുന്നതായിരുന്നു ഇയാളുടെ പതിവ്.കഞ്ചാവും മറ്റും ലിജു ഉമ്മന്‍ നിമ്മിയുടെ ഈ വാടക വീട്ടിലാണ് സൂക്ഷിച്ചിരുന്നത്. നിമ്മിയാണ് സാധനങ്ങള്‍ വിവിധയിടങ്ങളില്‍ എത്തിച്ചിരുന്നത്. സ്ത്രീ ഓടിക്കുന്ന കാര്‍ എന്ന നിലയില്‍ പരിശോധനയില്‍ നിന്നൊഴിവാകാനാണു കാരിയറായി നിമ്മിയെ ഉപയോഗിച്ചതെന്നാണു പൊലീസിന്റെ നിഗമനം. ലിജുവിനെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിയു, ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്. നിമ്മിയുടെ ഭര്‍ത്താവ് കായംകുളം സ്വദേശിയായ യുവാവ് വിദേശത്താണുള്ളത്. ഇദ്ദേഹവുമായി അകല്‍ച്ചയിലായിരുന്ന അവസരം മുതലെടുത്താണ് ലിജു ഇവരെ വശത്താക്കി ലഹരി ഇടപാടുകള്‍ക്ക് ഉപയോഗപ്പെടുത്തിയിരുന്നതെന്നാണു വിവരം.ഇതിനിടെ യുവതി പിടിയിലാകുമ്ബോള്‍ നിസഹായരായത് എട്ടും നാലരയും വയസുള്ള പിഞ്ചു കുഞ്ഞുങ്ങളാണ് . അമ്മയെ അറസ്റ്റു ചെയ്യുമ്ബോള്‍ എന്താണ് സംഭവിക്കുന്നത് എന്നു മനസിലാകാതെ കരയുകയായിരുന്ന പിഞ്ചു കുഞ്ഞുങ്ങളെ ബന്ധുക്കളെ വിളിച്ചു വരുത്തി ഏല്‍പിച്ചാണ് പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തു കൊണ്ട് പോയത്.