ചെന്നൈ: വിവാദ ആള്‍ദൈവം നിത്യാനന്ദ ഒളിവിലിരുന്ന് നിയമവ്യവസ്ഥയെ വെല്ലുവിളിക്കുന്നുവെന്ന് ഹൈക്കോടതി. മധുര ബെഞ്ചാണ് വിമർശനം ഉന്നയിച്ചത്.
ഒട്ടേറെ കേസുകളില്‍ അറസ്റ്റ് വാറണ്ട് ഉണ്ടായിട്ടും നിത്യാനന്ദ ഹാജരാകുന്നില്ല. ഇത്തരത്തിലുള്ള ആളുകളുടെ സ്വത്തുക്കള്‍ സംരക്ഷിക്കേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. നിത്യാനന്ദയുടെ ശിഷ്യയായ കർണാടക സ്വദേശിനി സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി.
നിത്യാനന്ദ ഇപ്പോള്‍ എവിടെയാണെന്നത് വ്യക്തമല്ല. 2010ല്‍ ഡ്രൈവറുടെ പരാതിയില്‍ നിത്യാനന്ദയ്ക്കെതിരെ കേസെടുത്തിരുന്നു. അറസ്റ്റിലായെങ്കിലും പിന്നീട് ജാമ്യം ലഭിച്ചു. 2020ല്‍ ഇതേ ഡ്രൈവർ തന്നെയാണ് നിത്യാനന്ദ രാജ്യം വിട്ടതായി വെളിപ്പെടുത്തിയത്. അഹമ്മദാബാദിലെ ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടികളെ കടത്തിയെന്ന കേസില്‍ വിചാരണ നേരിടുന്നതിനിടെയാണ് നിത്യാനന്ദ 2019ല്‍ നേപ്പാള്‍ വഴി ഇക്വഡോറിലേയ്ക്ക് കടന്നത്. നിത്യാനന്ദയ്ക്കെതിരെ ഇന്റർപോളിന്റെ ബ്ളൂകോർണർ നോട്ടീസും നിലവിലുണ്ട്. ഇതിനുശേഷമാണ് ഹിന്ദുരാജ്യം എന്നവകാശപ്പെട്ട് സ്വകാര്യ ദ്വീപ് വാങ്ങി ‘കൈലാസ’ എന്ന പേര് നല്കി സാങ്കല്‍പ്പിക രാജ്യം സ്ഥാപിച്ചത്.
കൈലാസ പ്രതിനിധി യുഎൻ യോഗത്തില്‍ പങ്കെടുത്തത് വലിയ വിവാദമായിരുന്നു. അയോദ്ധ്യ രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിലേയ്ക്ക് ക്ഷണം കിട്ടിയെന്ന് സമൂഹമാദ്ധ്യമത്തില്‍ നിത്യാനന്ദ പങ്കുവച്ചതും ചർച്ചയായി. മരണശേഷം ഭൗതികശരീരവും സമ്ബത്തും ഇന്ത്യയിലേയ്ക്ക് കൊണ്ടുപോകണമെന്നും നിത്യാനന്ദ പറഞ്ഞിട്ടുണ്ട്. മൃതദേഹം ബംഗളൂരുവിലെ ആശ്രമത്തില്‍ സംസ്കരിക്കണം. സമ്ബത്ത് ഇന്ത്യക്ക് നല്‍കണം എന്നുമാണ് നിത്യാനന്ദ അറിയിച്ചിരിക്കുന്നത്.