ന്യുഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ അവിശ്വാസ പ്രമേയത്തില്‍ ചര്ച്ചയില്പങ്കെടുത്ത് രാഹുല്‍ ഗാന്ധി. രാഹുല്‍ സംസാരിക്കാനെഴുന്നേറ്റപ്പോള്‍ ബിജെപി അംഗങ്ങള്‍ ബഹളം വച്ചു.
എന്നാല്‍ അദാനിയെ കുറിച്ച് നേരത്തെ സംസാരിച്ചപ്പോള്‍ ഒരു പ്രമുഖ വ്യക്തിക്ക് ബുദ്ധിമുട്ടുണ്ടാക്കി.
ഇത്തവണ അദാനിയെ കുറിച്ചല്ല പറയുന്നത്, തന്റെ ബിജെപി സുഹൃത്തുക്കള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും തന്റെ വിശ്വാസത്തിനു വേണ്ടി ജയിലില്‍ പോകുന്നതിനു മടിയില്ലെന്നും രാഹുല്‍ ചര്‍ച്ചയുടെ തുടക്കത്തില്‍ പറഞ്ഞു.
തന്റെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ചതില്‍ അദ്ദേഹം സ്പീക്കര്‍ക്ക് നന്ദി പറഞ്ഞു. ഭാരത് ജോഡോ യാത്രയെ കുറിച്ച് വിവരിച്ചുകൊണ്ടാണ് രാഹുല്‍ ഗാന്ധി പ്രസംഗം തുടര്‍ന്നത്.
എന്തിനാണ് ഭാരത് ജോഡോ യാത്ര നടത്തുന്നതെന്ന ആളുകള്‍ എന്നോട് ചോദിച്ചു. എന്നാല്‍ യാത്രയുടെ തുടക്കത്തില്‍ അത് എന്തിനായിരുന്നുവെന്ന് തനിക്ക് അറിയില്ലായിരുന്നു.
25 കിലോമീറ്റര്‍ ദിവസവും നടക്കുന്നത് വലിയ കാര്യമാണെന്ന് താന്‍ കരുതിയില്ല. ദിവസവും 10 കിലോമീറ്റര്‍ ഓടാന്‍ തനിക്ക് കഴിയും. അതുകൊണ്ട് തന്നെ തന്റെ മനസ്സില്‍ അഹങ്കാരമുണ്ടായിരുന്നു.
എന്നാല്‍ സെക്കന്റിനുള്ളില്‍ ആ അഹങ്കാരം ഇല്ലാതാക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞു. 2-3 ദിവസത്തിനുള്ളില്‍ കാല്‍മുട്ട് വേദനിക്കാന്‍ തുടങ്ങി. കുറച്ചുദിവസങ്ങള്‍ക്കുള്ളില്‍ താന്‍ വെറും നിസാരനായി മാറി.
കുറച്ച് ദിവസത്തിനു മുന്‍പ് ഞാന്‍ മണിപ്പൂരില്‍ ചെന്നു. ക്യാമ്ബുകള്‍ സന്ദര്‍ശിച്ചു. സ്ത്രീകളും കുട്ടികളുമായി സംസാരിച്ചു. അതിന് നമ്മുടെ പ്രധാനമന്ത്രിക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
നമ്മുടെ പ്രധാനമന്ത്രി ഇതുവരെ മണിപ്പൂരില്‍ പോയില്ല. ആ സംസ്ഥാനം വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂര്‍ ഇന്ത്യയുടെ ഭാഗമാണെന്ന് പ്രധാനമന്ത്രി കരുതുന്നില്ല.
മണിപ്പൂര്‍ എന്ന വാക്ക് ഞാന്‍ ഉപയോഗിക്കുമ്ബോള്‍ അവിടെ ഒന്നൂം അവശേഷിക്കുന്നില്ലെന്നതാണ് സത്യം. നിങ്ങള്‍ മണിപ്പൂരിനെ കൊന്നു. മണിപ്പൂരിനെ മാത്രമല്ല, നിങ്ങള്‍ ഇന്ത്യയെ തന്നെ കൊന്നു.
നിങ്ങളുടെ രാഷ്ട്രീയം മണിപ്പൂരിനെ മാത്രമല്ല, മണിപ്പൂരില്‍ ഇന്ത്യയെ കൊലപ്പെടുത്തി.
മണിപ്പൂരിലെ ജനങ്ങളെ കൊലപ്പെടുത്തിയ നിങ്ങള്‍ മണിപ്പൂരിനെ കൊലപ്പെടുത്തി. നിങ്ങള്‍ ദേശസ്നേഹികളല്ല, വിശ്വാസ വഞ്ചകരാണ്- രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചു.
ഇന്ത്യന്‍ സേനയ്ക്ക് ഒറ്റ ദിവസം കൊണ്ട് മണിപ്പൂരില്‍ സമാധാനം കൊണ്ടുവരാന്‍ കഴിയും. എന്നാല്‍ സൈന്യത്തിന്റെ സേവനം സര്‍ക്കാര്‍ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാഹുലിന്റെ പ്രസംഗത്തിനിടെ ബഹളവുമായി ബിജെപി എഴുന്നേറ്റു. രാഹുല്‍ മാപ്പ് പറയണമെന്ന് മകന്ദ്രമന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു.