കൊല്‍ക്കത്ത: ( 12.05.2021) നിങ്ങള്‍ കാരണം ഞങ്ങള്‍ക്കും കോവിഡ് പകരുമെന്ന് പറഞ്ഞ് ഡോക്ടര്‍ സഹോദരിമാരെ ലിഫ്റ്റില്‍ കയറുന്നതില്‍ നിന്നും വിലക്കി അയല്‍ക്കാരി. മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചതിന് പുറമേ ഇരുവര്‍ക്കും നേരെ വെള്ളമൊഴിക്കുകയും സംഭവം മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ പിടിച്ചെടുത്ത് വലിച്ചെറിയുകയും ചെയ്തുവെന്നും പരാതി.
നഗരത്തിലെ അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന സഹോദരിമാരും ഡോക്ടര്‍മാരുമായ റിതുപര്‍ണ ബിശ്വാസ്, ദീപാന്‍വിദ ബിശ്വാസ് എന്നിവര്‍ക്കാണ് അപാര്‍ട്‌മെന്റില്‍ ദുരനുഭവമുണ്ടായത്. കോവിഡ് പകരുമെന്ന് പറഞ്ഞാണ് അപാര്‍ട്‌മെന്റില്‍ താമസിക്കുന്ന മറ്റൊരു സ്ത്രീ ഡോക്ടര്‍മാരെ അധിക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്തത്. ഡോക്ടര്‍മാര്‍ അപാര്‍ട് മെന്റിലെ ലിഫ്റ്റില്‍ കയറുന്നതും ഇവര്‍ വിലക്കി.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ഓങ്കോളജിസ്റ്റാണ് ഡോ. റിതുപര്‍ണ ബിശ്വാസ്, സഹോദരിയും കോവിഡ് ആശുപത്രിയിലെ ട്രെയിനി ഡോക്ടറുമാണ് ദീപാന്‍വിദ ബിശ്വാസ് .കെട്ടിടത്തിലെ മുകള്‍നിലയിലാണ് ഇരുവരും താമസിക്കുന്നത്. കഴിഞ്ഞ ദിവസം ലിഫ്റ്റില്‍ കയറാനായി പോയപ്പോള്‍ അപാര്‍ട് മെന്റിലെ മറ്റൊരു സ്ത്രീ ഇവരെ തടയുകയായിരുന്നു. നിങ്ങള്‍ കാരണം ഞങ്ങള്‍ക്കും കോവിഡ് പകരുമെന്ന് പറഞ്ഞായിരുന്നു ഇവര്‍ ഡോക്ടര്‍മാരെ തടഞ്ഞത്.
മോശം വാക്കുകള്‍ കൊണ്ട് അധിക്ഷേപിച്ചതിന് പുറമേ ഇവര്‍ ഡോ. റിതുപര്‍ണക്ക് നേരേ വെള്ളമൊഴിച്ചതായും ആരോപണമുണ്ട്. സഹോദരിയായ ദീപാന്‍വിദ ഇത് മൊബൈലില്‍ പകര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ സ്ത്രീ മൊബൈല്‍ പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു.
സംഭവത്തില്‍ ഡോ. റിതുപര്‍ണ ഡംഡം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന് മുമ്ബും സ്ത്രീ സമാനമായരീതിയില്‍ പെരുമാറിയിട്ടുണ്ടെന്നും കോവിഡ് ആശുപത്രിയിലെ ഡോക്ടറായ സഹോദരിയെ നേരത്തെയും അധിക്ഷേപിച്ചിട്ടുണ്ടെന്നുമാണ് പരാതിയില്‍ പറയുന്നത്.
സംഭവം വാര്‍ത്തയായതോടെ ആരോഗ്യപ്രവര്‍ത്തകരുടെ സംഘടനയും പ്രതിഷേധവുമായി രംഗത്തെത്തി. വിഷയത്തില്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന ആരോഗ്യവകുപ്പിന് സംഘടന കത്ത് നല്‍കി. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം നടത്തിവരികയാണെന്ന് പൊലീസും അറിയിച്ചു.