തിരുവനന്തപുരം: വ്യാജ ഡിഗ്രി വിവാദത്തിൽ പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ നിഖിൽ തോമസിനെ കണ്ടെത്താൻ പോലീസിൻ്റെ പ്രത്യേക സംഘം.
കായംകുളം സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് തെരച്ചിൽ നടത്തുന്നത്. നിഖിലിൻ്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. തിങ്കളാഴ്ച തിരുവനന്തപുരത്താണ് അവസാനമായി ലൊക്കേഷൻ കാണിച്ചത്.
നിഖിലിൻ്റെ മൊബൈൽ ഫോൺ ലൊക്കേഷൻ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. നിഖിൽ തോമസ് ഒളിവിലാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വ്യാജ രേഖ ചമയ്ക്കൽ, വഞ്ചന എന്നീ കേസുകളിലാകും നിഖിലിനെതിരെ ഉണ്ടാകുക. കായംകുളം എം എസ് എം കോളേജ് മാനേജ്മെൻ്റും പ്രിൻസിപ്പലും പരാതി നൽകിയിട്ടുണ്ട്.
സർവകലാശാല നിഖിലിനെതിരെ സംസ്ഥാന പോലീസ് മേധാവിക്കും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കും പരാതി നൽകി.
വ്യാജ ഡിഗ്രി വിവാദത്തിൽ നിഖിൽ തോമസിനെ സംഘടനയുടെ പ്രാഥമികാംഗത്വത്തിൽ നിന്നും എസ്.എഫ്.ഐ പുറത്താക്കിയിരുന്നു.
ഡിഗ്രി സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം ഉയർന്നുവന്ന ഘട്ടത്തിൽ തന്നെ എസ്.എഫ്.ഐയുടെ മുഴുവൻ ഘടകങ്ങളിൽനിന്നും അദ്ദേഹത്തെ മാറ്റി നിർത്തിയിരുന്നു.
തുടർന്ന് അദ്ദേഹത്തോട് വിശദീകരണം ആവശ്യപ്പെടുകയും ചെയ്തു. എന്നാൽ സംഘടനയെ പൂർണമായും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിലാണ് അദ്ദേഹം വിശദീകരണം നൽകിയതെന്നാണ് എസ്.എഫ്.ഐ വ്യക്തമാക്കുന്നത്.
വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് കേസിൽ എസ് എഫ് ഐ മുൻ നേതാവ് കെ വിദ്യ രണ്ടാഴ്ചയോളമായി ഒളിവിൽ തുടരുകയാണ്. വിദ്യക്കെതിരായ അന്വേഷണം ഊർജിതമായി തുടരുകയാണെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
വിവാദവുമായി ബന്ധപ്പെട്ട കോളേജ് അധ്യാപകരിൽ നിന്ന് മൊഴിയെടുക്കുന്നതും രേഖകൾ പരിശോധികുന്നതും പോലീസ് തുടരുകയാണ്. അന്വേഷണം ശക്തമാണെന്ന് വ്യക്തമാക്കുമ്പോഴും വിദ്യ എവിടെയാണെന്ന് കണ്ടെത്താൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.