നിഖിലിന്റെ വ്യാജസര്‍ട്ടിഫിക്കറ്റ്‌; ഓറിയോണ്‍ ഏജന്‍സി ഉടമ അറസ്‌റ്റില്‍

കൊച്ചി/ആലപ്പുഴ : നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട്‌ എജന്‍സി ഉടമ അറസ്‌റ്റില്‍.

ഓറിയോണ്‍ എജ്യൂവിങ്ങിന്റെ ഉടമയായ തിരുവനന്തപുരം സ്വദേശി സജു എസ്‌. ശശിധരനെയാണ്‌ എറണാകുളം പാലാരിവട്ടത്തെ വീടിനു സമീപത്തുനിന്ന്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
നിഖില്‍ തോമസിന്റെ വ്യാജ ഡിഗ്രിക്കായി അബിന്‍ രാജ്‌ ആദ്യം സമീപിച്ചത്‌ ഓറിയോണിന്റെ തിരുവനന്തപുരം ശാഖയിലായിരുന്നു. കോവിഡ്‌ കാലത്ത്‌ ഈ ശാഖ പൂട്ടിയതോടെ ശ്രമം നടന്നില്ല.

തുടര്‍ന്നാണ്‌ ഓറിയോണിന്റെ കൊച്ചി ശാഖയിലെത്തിയത്‌. രണ്ടു ലക്ഷം രൂപയാണ്‌ ഇതിനായി ഏജന്‍സി ഉടമയ്‌ക്കു കൈമാറിയത്‌.
അനേ്വഷണത്തിന്റെ രണ്ടാം ഘട്ടം ഓറിയോണ്‍ കേന്ദ്രീകരിച്ചായിരുന്നു.

ഓറിയോണിനെതിരേ കൊച്ചിയിലുള്ളത്‌ 14 കേസുകളാണ്‌. മാള്‍ട്ടയില്‍ ജോലിക്കായി വിസ വാഗ്‌ദാനം ചെയ്‌തു പലരില്‍നിന്നു പണം തട്ടിയെടുത്തെന്ന അങ്കമാലി സ്വദേശിയുടെ പരാതിയില്‍ കഴിഞ്ഞ സെപ്‌റ്റംബറില്‍ സജു എസ്‌. ശശിധരനെ പോലീസ്‌ പിടികൂടിയിരുന്നു.

പിന്നീടു ജാമ്യത്തിലിറങ്ങി ഒളിവില്‍ പോകുകയായിരുന്നു. ഇതോടെ കൊച്ചിയിലെ സ്‌ഥാപനത്തിന്റെ പ്രവര്‍ത്തനവും നിലച്ചു. എട്ടു പേരില്‍നിന്നു വിസയ്‌ക്കായി പണം വാങ്ങി കബളിപ്പിച്ചെന്ന കേസില്‍ എറണാകുളം നോര്‍ത്ത്‌ പോലീസും കേസെടുത്തിരുന്നു.

ഓറിയോണ്‍ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചടിച്ചത്‌ എവിടെവച്ചാണെന്നു കണ്ടെത്താനാണ്‌ ശ്രമം. ഈ ഏജന്‍സി വഴി നിരവധി പേര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുമായി വിദേശത്തേക്കു പേയിട്ടുണ്ടെന്നാണു വിവരം.

സജുവിന്റെ മൊബൈല്‍ ഫോണും കമ്ബ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ പോലീസ്‌ പരിശോധിക്കും. മാവേലിക്കര സബ്‌ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്ന രണ്ടാം പ്രതി അബിന്‍ സി. രാജിനുവേണ്ടിയുള്ള പോലീസിന്റെ കസ്‌റ്റഡി അപേക്ഷ കായംകുളം മജിസ്‌ട്രേറ്റ്‌ കോടതി ഇന്നു പരിഗണിക്കും.

ഒന്നാം പ്രതി നിഖിലിന്റെ കസ്‌റ്റഡി കാലാവധിയും ഇന്നവസാനിക്കും.

നിഖിലിന്റെയും അബിന്റെയും ഫോണുകള്‍ പരിശോധിക്കാന്‍ പോലീസിനു കഴിയാത്തത്‌ അന്വേഷണത്തെ ബാധിച്ചിട്ടുണ്ട്‌. നിഖില്‍ ഫോണ്‍ കായംകുളത്തെ തോട്ടില്‍ ഉപേക്ഷിച്ചെന്നും അബിന്റെ പഴയ ഫോണ്‍ നശിച്ചുപോയെന്നുമാണ്‌ മൊഴികള്‍.

Related posts

Leave a Comment