നിഖിലിന്റെ വ്യജസര്‍ട്ടിഫിക്കറ്റ് വീട്ടില്‍ നിന്നു തന്നെ കണ്ടെത്തി ; കായംകുളത്തെ കലിംഗബിരുദക്കാര്‍ ഉള്‍ക്കിടിലത്തില്‍

കായംകുളം: വ്യാജ ബിരുദസര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്‌എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ പേരിലുള്ള കലിംഗ സര്‍വകലാശാലയുടെ വ്യജസര്‍ട്ടിഫിക്കറ്റ് കണ്ടെത്തി.

തെളിവെടുപ്പിന്റെ ഭാഗമായി പോലീസ് വീട്ടില്‍ നടത്തിയ പരിശോധനയിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് കണ്ടെത്തിയിരിക്കുന്നത്. വിവാദത്തിന് പിന്നാലെ ഒളിവില്‍ പോയപ്പോയ സമയത്ത് ഇത് നശിപ്പിക്കാന്‍ നിഖിലിന് കഴിഞ്ഞിരുന്നില്ല.

ഇന്ന് തന്നെ നിഖിലിന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചുകൊടുത്തു എന്നാരോപണം നേരിടുന്ന കൊച്ചിയിലെ ഓറിയോണ്‍ ഏജന്‍സിയില്‍ തെളിവെടുപ്പ് നടത്തും.

നിഖിലിന്റേത് വ്യാജസര്‍ട്ടിഫിക്കറ്റ് ആണെന്ന തരത്തില്‍ നാലുമാസം മുമ്ബാണ് കായംകുളം ഏരിയാകമ്മറ്റിയ്ക്ക് പരാതി കിട്ടിയത്. തുടര്‍ന്ന് സര്‍ട്ടിഫിക്കറ്റ് കാണിക്കാന്‍ ആവശ്യപ്പെട്ടിട്ടും നിഖില്‍ ചെയ്തിരുന്നില്ല. ഇത് സംശയത്തിന് കാരണമായിരുന്നു.

പിന്നീട് പാര്‍ട്ടി പലതവണ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും തന്റെ സര്‍ട്ടിഫിക്കറ്റ് കലിംഗ സര്‍വകലാശാലയില്‍ ആണെന്നും കൂടുതല്‍ സമയം വേണമെന്നും നിഖില്‍ ആവശ്യപ്പെടുകയായിരുന്നു.

ഇതിനെല്ലാം ശേഷമായിരുന്നു വിവാദം പുറത്തുവരുന്നതും നിഖില്‍ കുടുങ്ങുന്നതും. ഇക്കാര്യത്തില്‍ ഇനി നിഖിലിന് സര്‍ട്ടിഫിക്കറ്റ് സംഘടിപ്പിച്ചു കൊടുത്ത അബിന്‍ സി രാജിനെ വിദേശത്ത് നിന്നും കൊണ്ടുവന്ന് ചോദ്യം ചെയ്യേണ്ടതുണ്ട്. അതിനായി നോട്ടീസ് നല്‍കാനുള്ള നീക്കത്തിലാണ് പോലീസ്.

അതേസമയം നിഖില്‍ കുടുങ്ങിയതോടെ കലിംഗ സര്‍വകലാശലായുടെ ബിരുദ സര്‍ട്ടിഫിക്കറ്റ് കയ്യിലുള്ളവര്‍ ഉള്‍ക്കിടിലത്തിലാണ്. നിഖില്‍ മൊഴി നല്‍കിയത്

അനുസരിച്ച്‌ മുന്‍ എസ്‌എഫ്‌ഐ നേതാവ് കൂടിയായ അബിന്‍ സി രാജിനെ ചോദ്യം ചെയ്യുമ്ബോള്‍ കലിംഗയുടെ കൂടുതല്‍ വ്യജസര്‍ട്ടിഫിക്കറ്റുകള്‍ കായംകുളത്ത് നല്‍കിയിട്ടുണ്ടോ എന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ കൂടി പുറത്തുവന്നേക്കും.

തനിക്ക് വ്യാജസര്‍ട്ടിഫിക്കറ്റു സംഘടിപ്പിച്ചു നല്‍കിയത് മുന്‍ എസ്‌എഫ്‌ഐ നേതാവ് അബിന്‍ സി രാജ് ആണെന്നും രണ്ടുലക്ഷം രൂപ ഇതിനായി ചെലവായെന്നുമാണ് നിഖില്‍ നല്‍കിയിരിക്കുന്ന മൊഴി.

കലിംഗയുടെ ബിരുദവും ബിരുദാനന്തര ബിരുദവും കയ്യിലുള്ളവരും അത് ഉപയോഗിച്ച്‌ വിദേശത്തും സ്വദേശത്തും ജോലി നേടിയവരുമുണ്ടെന്നാണ് വിഭാഗീയത രൂക്ഷമായ കായംകുളത്തെ സൈബര്‍ ഗ്രൂപ്പുകള്‍ക്ക് ഇടയിലെയും സംസാരം.

അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് ആരൊക്കെ നേടിയിട്ടുണ്ട് എന്ന തരത്തില്‍ പോലീസ് ഒരു അന്വേഷണം തുടങ്ങിയിട്ടില്ല. എന്നാല്‍ അബിനുമായി ബന്ധപ്പെട്ട് അത്തരം ഒരു സാധ്യത നിലനില്‍ക്കുന്നുണ്ട്.

ഇതിനൊപ്പം പാര്‍ട്ടിയിലെ തന്നെ എതിര്‍ സൈബര്‍ഗ്രൂപ്പുകാരും അന്വേഷണം തുടങ്ങിയിട്ടുണ്ട്. നിഖിലിന് വ്യാജഡിഗ്രി സര്‍ട്ടിഫിക്കറ്റ് നല്‍കിയ അബിന്‍ സി രാജ് മുഖേനയാണോ ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ചത് എന്ന സംശയമാണ് ഉയരുന്നത്.

കലിംഗയുടെ ബിരുദം പ്രൊഫൈലില്‍ കാണിച്ചിട്ടുള്ള കായംകുളത്തുകാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ ഏറെയുണ്ട്.

Related posts

Leave a Comment