തിരുവനന്തപുരം: ഈ വര്‍ഷത്തെ ആദ്യത്തെ സൂര്യഗ്രഹണം നാളെ ഇന്ത്യയില്‍ ദൃശ്യമാകും. രാവിലെ 9.15 ന് ആരംഭിക്കുന്ന ഗ്രഹണം ഉച്ചയ്ക്ക് 12.10 ന് പാരമ്യത്തിലെത്തും, തുടര്‍ന്ന് 3.04 ഓടെ ഗ്രഹണം അവസാനിക്കും.
കേരളം ഉള്‍പ്പെടെ മറ്റിടങ്ങളില്‍ സൂര്യബിംബത്തിന്റെ 32 ശതമാനത്തോളം മറയ്ക്കപ്പെടുന്ന ഭാഗിക ഗ്രഹണമാകും ദൃശ്യമാവുക. തെക്കന്‍ ജില്ലയായ തിരുവനന്തപുരത്ത് രാവിലെ 10.15 നു ഗ്രഹണം ദൃശ്യമായി തുടങ്ങും. 11.40 ന് ഗ്രഹണം പാരമ്യതയിലെത്തും. ഉച്ചയ്ക്ക് 1.15 ന് ഗ്രഹണം അവസാനിക്കും. തിരുവനന്തപുരം ഗ്രഹണ പാതയുടെ മധ്യരേഖയില്‍ നിന്നു കൂടുതല്‍ അകന്നു സ്ഥിതി ചെയ്യുന്നതിനാല്‍ പാരമ്യത്തിന്റെ സമയത്ത് സൂര്യബിംബത്തിന്റെ 23.2 ശതമാനം മാത്രമേ മറയ്ക്കപ്പെടുകയുള്ളൂ.
ആറു മണിക്കൂര്‍ നീണ്ടു നില്ക്കുന്ന ഗ്രഹണം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വിവിധ രീതിയിലാകും ദൃശ്യമാവുക. ഗ്രഹണപാത കടന്നു പോകുന്ന രാജസ്ഥാന്, പഞ്ചാബ്, ഹരിയാന, ഉത്തരാഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചിലഭാഗങ്ങളില്‍ വലയ സൂര്യഗ്രഹണം ദൃശ്യമാകും.