നാവിക സേനയുടെ മിഗ് 29കെ പരിശീലന വിമാനം അറബിക്കടലിനു മുകളില്‍ തകര്‍ന്നു വീണു; ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി, മറ്റേയാള്‍ക്കായി തിരച്ചില്‍ തുടരുന്നു

ന്യൂഡെല്‍ഹി: ( 27.11.2020) നാവിക സേനയുടെ മിഗ് 29കെ പരിശീലന വിമാനം അറബിക്കടലിനു മുകളില്‍ തകര്‍ന്നു വീണു. ഒരു പൈലറ്റിനെ രക്ഷപ്പെടുത്തി. മറ്റേയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. സേനയുടെ വിവിധ യൂണിറ്റുകള്‍ തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ടെന്ന് നാവികസേന അറിയിച്ചു. അറബിക്കടലില്‍ ഐ എന്‍ എസ് വിക്രമാദിത്യ വിമാനവാഹിനി കപ്പലില്‍ നിന്ന് പറന്നുയര്‍ന്ന യുദ്ധവിമാനമാണ് അപകടത്തില്‍പ്പെട്ടത്.

കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ മിഗ്29കെ വിമാനാപകടമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. ഫെബ്രുവരിയില്‍ ഗോവയ്ക്കു മുകളില്‍ വച്ച്‌ പക്ഷികള്‍ വന്നിടിച്ചാണ് മിഗ്29കെ തകര്‍ന്നത്. നവംബറില്‍ ഗോവയിലെ ഒരു ഗ്രാമത്തിനുമുകളില്‍ വച്ചാണ് വിമാനം തകര്‍ന്നത്. ഇതേതുടര്‍ന്ന് അടിക്കടി ഉണ്ടാകുന്ന അപകടത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു.

വ്യാഴാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് അപകടം ഉണ്ടായത്. ഗോവ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന നാവികസേനയുടെ ഫ് ളീറ്റില്‍ 40ല്‍ അധികം മിഗ്29കെ വിമാനങ്ങള്‍ ഉണ്ട്. ഇവ വിമാനവാഹനിക്കപ്പലായ ഐഎന്‍എസ് വിക്രമാദിത്യയില്‍ നിന്നും പ്രവര്‍ത്തിക്കുന്നുണ്ട്.

Related posts

Leave a Comment