നാവികസേനക്ക് പുഴയിലിറങ്ങാൻ അനുമതി ലഭിച്ചില്ല; അര്‍ജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍

ഷിരൂർ: കർണാടകയിലെ അങ്കോലക്കടുത്ത് ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി അർജുന് വേണ്ടിയുള്ള തിരച്ചില്‍ വീണ്ടും പ്രതിസന്ധിയില്‍.

ഇന്ന് രാവിലെ ഒൻപത് മണിയോടെ നാവികസേനയുടെ നേതൃത്വത്തില്‍ തിരച്ചില്‍ പുനരാരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും നേവി ഇതുവരെ സ്ഥലത്തെത്തിയില്ല.

പുഴയിലിറങ്ങാനുള്ള അനുമതി ജില്ലാ ഭരണകൂടം നല്‍കാത്തതാണ് കാരണമെന്നാണ് റിപ്പോർട്ട്. മഴ മാറി നില്‍ക്കുന്നതും പുഴയിലെ ഒഴുക്ക് കുറഞ്ഞതും തിരച്ചിലിന് ഏറെ അനുകൂലമായ സാഹചര്യമായിട്ടും ജില്ലാ ഭരണകൂടത്തിന്റെ അനുമതി വൈകുന്നതിന്റെ കാരണം വ്യക്തമല്ല.

എന്തുകൊണ്ടാണ് ഈ അലംഭാവം തുടരുന്നതെന്ന് മനസിലാകുന്നില്ലെന്ന് ജിതിന്റെ സഹോദരി ഭർത്താവ് ജിതിൻ പ്രതികരിച്ചു. രാവിലെ തിരച്ചില്‍ ആരംഭിക്കുമെന്നാണ് പറഞ്ഞത്. മഴയില്ല, പുഴയിലെ ജലനിരപ്പ് കുറവാണ്. എന്നിട്ടും നാവിക സേനക്ക് ജില്ലാഭരണകൂടം അനുമതി നല്‍കുന്നില്ല. സോണാർ പരിശോധന നടത്തുമെന്നാണ് അവർ അറിയിച്ചതെന്നും ജിതിൻ മാധ്യമങ്ങളോട് പ്രതികരിച്ചു.

തിരച്ചില്‍ തുടരുമെന്നാണ് കർണാടക സർക്കാർ അറിയിച്ചിട്ടുള്ളത്. അതില്‍ അവിശ്വസിക്കേണ്ട കാര്യമില്ലെന്നും മന്ത്രി എ.കെ.ശശീന്ദ്രൻ പ്രതികരിച്ചു.

Related posts

Leave a Comment