‘നാല് മാസത്തിനുള്ളില്‍ സിനിമ ഉണ്ടാകും, പണം കടം വാങ്ങിയവരോട് സംസാരിക്കണം’; സംവിധായകന്‍ ബാലചന്ദ്ര കുമാറിന്റെ ശബ്ദസന്ദേശം പുറത്തുവിട്ട് ദിലീപ്‍.

കൊച്ചി : പണം കടം വാങ്ങിയവരോട് ദിലീപ് സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ പറയുന്ന ശബ്ദ സന്ദേശം പുറത്തുവിട്ട് നടന്‍. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ രേഖാമൂലം നല്‍കിയ വാദത്തിലാണ് ദിലീപ് ഇക്കാര്യം അറിയിച്ചത്. സിനിമ നാല് മാസത്തിനുള്ളില്‍ ഉണ്ടാകും കടം വാങ്ങിയവരോട് ഇക്കാര്യം സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് ബാലചന്ദ്രകുമാര്‍ അയച്ച ശബ്ദസന്ദേശമാണിതെന്നും ദിലീപ് അറിയിച്ചു. 2021 ഏപ്രില്‍ 14 ന് അയച്ച സന്ദേശമാണ് ഇപ്പോള്‍ താന്‍ പുറത്തുവിട്ടിരിക്കുന്നതെന്നും ദിലീപ് പറയുന്നു. അതേസമയം ബാലചന്ദ്രകുമാര്‍ നേരത്തെ ദിലീപിന് അയച്ച ശബ്ദ രേഖയാണ് ഇതെന്നും അവകാശവാദമുണ്ട്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ ശനിയാഴ്ച പുറത്തുവിട്ടിരുന്നു. ദിലീപും സഹോദരന്‍ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. തിങ്കളാഴ്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങള്‍ പുറത്തുവരുന്നത്. ഗ്രൂപ്പിലിട്ട് എങ്ങനെ കൊല്ലണം എന്ന് ഒരു സിനിമയിലെ രംഗം കൂടി ഉദാഹരിച്ച്‌ കൊണ്ടാണ് ദിലീപ് വിശദമാക്കുന്നതെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപിന്റെ അനുജന്‍ അനൂപിന്റെ ശബ്ദരേഖയും ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ഒരാളെ കൊല്ലുമ്ബോള്‍ എങ്ങനെ തെളിവ് നശിപ്പിക്കാം എന്നാണ് അനൂപ് പറയുന്നതെന്ന് ബാലചന്ദ്രകുമാര്‍ പറയുന്നു. ഓരോ അന്വേഷണ ഉദ്യോഗസ്ഥനെയും കൊല്ലേണ്ട രീതിയെ കുറിച്ചള്ള കൂടുതല്‍ ശബ്ദരേഖകള്‍ ഉണ്ടെന്നും അന്ന് സംസാരിച്ച മുഴുവന്‍ കാര്യങ്ങളും അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നുമാണ് ബാലചന്ദ്രകുമാറിന്റെ വിശദീകരണം നല്‍കിയിരിക്കുന്നത്. എന്നാല്‍ ശബ്ദം അനുകരിക്കുന്നവരുടെ സഹായത്തോടെ സംവിധായകന്‍ കെട്ടിച്ചമച്ചതാണ് തങ്ങള്‍ക്കെതിരെ ഹാജരാക്കിയ ഓഡിയോ ക്ലിപ്പുകളാണ് ഇതെന്ന് ദിലീപ് അറിയിച്ചു. ഓഡിയോ ക്ലിപ്പുകള്‍ സംഭാഷണത്തിന്റെ റെക്കോര്‍ഡിങ്ങുകള്‍ അല്ല, ആത്മഗതത്തിന്റെ തെളിയിക്കാനാവാത്ത ശകലങ്ങളാണ്. ബാലചന്ദ്രകുമാറിന്റെ അവകാശവാദങ്ങള്‍ അംഗീകരിച്ചാല്‍ത്തന്നെ ഗൂഢാലോചന, പ്രേരണക്കുറ്റങ്ങള്‍ നിലനില്‍ക്കില്ലെന്നും ദിലീപിന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു. ദിലീപ്, സഹോദരന്‍ അനൂപ്, സഹോദരി ഭര്‍ത്താവ് ടി.എന്‍.സുരാജ്, ബന്ധുവായ അപ്പു, സുഹൃത്തായ ബൈജു ചെങ്ങമനാട്, ശരത് എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് പി.ഗോപിനാഥ് തിങ്കളാഴ്ച വിധി പറയാനിരിക്കെയാണ് വാദങ്ങള്‍ രേഖാമൂലം നല്‍കിയത്. വാദങ്ങള്‍ രേഖാമൂലമുണ്ടെങ്കില്‍ നല്‍കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. വെള്ളിയാഴ്ച പ്രോസിക്യൂഷന്‍ വാദം പൂര്‍ത്തിയാക്കി.

Related posts

Leave a Comment