നാല് ദിവസം കഴിഞ്ഞാലുണ്ടാവും വമ്ബന്‍ ട്വിസ്റ്റ്,​ സ്വപ്നയുമായുള്ള ചാറ്റുകള്‍ വീണ്ടെടുത്തു, ഉന്നതരുടെ നെഞ്ചിടിപ്പേറും

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) ഇന്ന് വീണ്ടും ചോദ്യം ചെയ്ത് തുടങ്ങുതോടെ കേസ് സംബന്ധിച്ച്‌ നിര്‍ണായക വിവരങ്ങള്‍ പുറത്തുവരുമെന്ന് സൂചന. സ്വപ്നയുമായി അടുത്ത ബന്ധമുള്ള ഉന്നതരെ കുറിച്ചുള്ള സൂചനകളും എന്‍.ഐ.എയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ കേസില്‍ പ്രതികളാകാനുള്ള സാദ്ധ്യതയും നിലനില്‍ക്കുന്നു. സ്വപ്നയെ കസ്റ്റഡിയില്‍ കിട്ടിയ നാലുദിവസവും തുടര്‍ച്ചയായി ചോദ്യം ചെയ്യാനാണ് എന്‍.ഐ.എയുടെ തീരുമാനം.

ചോദ്യം ചെയ്യല്‍ ഡിജിറ്റല്‍ തെളിവുകള്‍ അടിസ്ഥാനമാക്കി

ആദ്യഘട്ടത്തില്‍ 12 ദിവസം സ്വപ്നയെ എന്‍.ഐ.എ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ ശേഷം സ്വപ്നയില്‍ നിന്ന് കണ്ടെത്തിയ മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ് എന്നിവയുടെ ഡിജിറ്റല്‍ ഫോറന്‍സിക് പരിശോധനാഫലങ്ങളുടെ സാന്നിദ്ധ്യത്തിലാണ് ഇത്തവണത്തെ ചോദ്യം ചെയ്യല്‍. മൊബൈല്‍ ഫോണില്‍ നിന്ന് സ്വപ്ന നശിപ്പിച്ചു കളഞ്ഞ ചാറ്റുകള്‍ എന്‍.ഐ.എ വീണ്ടെടുത്തിരുന്നു. സ്വപ്ന ആദ്യം നല്‍കിയ മൊഴികളില്‍ നിന്ന് വിരുദ്ധമായ കാര്യങ്ങളാണ് ഡിജിറ്റല്‍ തെളിവുകളായി എന്‍.ഐ.എയ്ക്ക് ലഭിച്ചത്. മാത്രമല്ല, മൊഴികളില്‍ പലതും കളവാണെന്നും വ്യക്തമായി.

ജലീലിന് നെഞ്ചിടിപ്പ്, ഖുറാന്‍ വിഷയത്തിലും വിശദാംശം തേടും

സ്വര്‍ണക്കടത്ത് കേസില്‍ മന്ത്രി കെ.ടി.ജലീലിനെ എന്‍.ഐ.എ നേരത്തെ ചോദ്യം ചെയ്തിരുന്നു. ചോദ്യം ചെയ്യലില്‍ ജലീല്‍ നല്‍കിയ മൊഴികള്‍ എന്‍.ഐ.എ വിശദമായി പരിശോധിക്കുകയും ചെയ്തു. ഈ മറുപടികളും സ്വപ്നയുടെ മൊഴികളും തമ്മില്‍ വൈരുദ്ധ്യമുണ്ടോയെന്നാകും എന്‍.ഐ.എ പ്രധാനമായും നിരീക്ഷിക്കുക.യു.എ.ഇ കോണ്‍സുലേറ്റില്‍ നിന്ന് ഖുറാന്‍ കൈപ്പറ്റിയതിലും കോണ്‍സല്‍ സെക്രട്ടറി എന്ന നിലയില്‍ സ്വപ്ന സുരേഷും മന്ത്രി കെ.ടി.ജലീമായുളള പരിചയം സംബന്ധിച്ചതിന്റെ കൂടുതല്‍ വിവരങ്ങളും എന്‍.ഐ.എ തേടും. ജലീലിനോട് നേരിട്ട് സഹായം അഭ്യര്‍ത്ഥിക്കാനിടയായ സാഹചര്യങ്ങളെ കുറിച്ചും സ്വപ്ന വിശദീകരിക്കേണ്ടി വരും. ഇന്നലെ സി ആപ്റ്റില്‍ എന്‍.ഐ.എ പരിശോധന നടത്തുകയും കൂടി ചെയ്ത സാഹചര്യത്തില്‍ സ്വപ്നയുടെ ചോദ്യം ചെയ്യല്‍ ജലീലിനും നിര്‍ണായകമാണ്.

സ്വപ്നയുടെ മൊഴിയില്‍ എതിരായി എന്തെങ്കിലും ഉണ്ടായാല്‍ ജലീലിന്റെ നിലനില്‍പ് പരുങ്ങലിലാകും. വിദേശരാജ്യത്തില്‍ നിന്ന് സഹായം സ്വീകരിക്കുന്നതിന് മുമ്ബ് എന്തുകൊണ്ട് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചില്ലെന്നതടക്കമുള്ള കാര്യങ്ങളില്‍ ജലീല്‍ നല്‍കിയ വിശദീകരണത്തില്‍ എന്‍.ഐ.എ തൃപ്തരല്ല. കോണ്‍സല്‍ ജനറല്‍ ആവശ്യപ്പെട്ടതനുസരിച്ചാണ് സഹായം സ്വീകരിച്ചതെന്ന മന്ത്രിയുടെ മറുപടി ശരിയാണോ എന്നും വിലയിരുത്തും. ജലീലിന്റെ ഇടപെടലുകള്‍ ചട്ടങ്ങള്‍ പലതും ലംഘിച്ചായിരുന്നെന്നും അന്വേഷണ സംഘം വിലയിരുത്തുന്നു.

Related posts

Leave a Comment