നാട് സൈനികര്‍ക്കൊപ്പം: വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് അഞ്ച് കോടി ധനസഹായം, മറ്റ് സൈനികര്‍ക്ക് 10 ലക്ഷം രൂപ വീതം

ഹൈദരാബാദ്: ഇന്ത്യാ-ചൈന അതിര്‍ത്തിയില്‍ വീരമൃത്യു വരിച്ച കേണല്‍ സന്തോഷ് ബാബുവിന്റെ കുടുംബത്തിന് 5 കോടി രൂപ ധനസഹായം പ്രഖ്യാപിച്ച്‌ തെലങ്കാന സര്‍ക്കാര്‍. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവാണ് ഇക്കാര്യം അറിയിച്ചത്.

സന്തോഷ് ബാബുവിന്റെ ഭാര്യയ്ക്ക് ജോലിയും വീട് വെയ്ക്കാന്‍ സ്ഥലവും നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കി.

അതിര്‍ത്തി സംഘര്‍ഷത്തില്‍ വീരമൃത്യു വരിച്ച മറ്റ് സൈനികര്‍ക്ക് 10 ലക്ഷം രൂപ വീതവും തെലങ്കാന സര്‍ക്കാര്‍ നല്‍കും. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് മുഖേന ഈ തുക കൈമാറുമെന്നും ചന്ദ്രശേഖര്‍ റാവു അറിയിച്ചിട്ടുണ്ട്. അതിര്‍ത്തിയില്‍ കാവല്‍ നില്‍ക്കുന്ന ജവാന്മാരോടൊപ്പം രാജ്യം മുഴുവന്‍ ഉണ്ടാകണം. രാജ്യത്തിനായി വീരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബത്തെ സഹായിക്കുകയും അവരോടൊപ്പം നില്‍ക്കുകയും വേണം. അവര്‍ക്ക് ആത്മവിശ്വാസവും സുരക്ഷയും നല്‍കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

വീരമൃത്യു വരിച്ച ജവാന്മാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ സഹായം നല്‍കുന്നുണ്ട്. സംസ്ഥാനങ്ങളും ഇതിനായി മുന്നോട്ട് വരണം. എന്നാല്‍ മാത്രമെ രാജ്യം അവരോടൊപ്പമുണ്ടെന്ന ആത്മ വിശ്വാസം വളര്‍ത്തിയെടുക്കാന്‍ കഴിയൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment