അന്തിക്കാട്: മുറ്റിച്ചൂര്‍ നിധിലിനെ പട്ടാപ്പകല്‍ വെട്ടിക്കൊന്ന കേസിലെ രണ്ടു പ്രതികള്‍ ഗോവയില്‍ അറസ്റ്റില്‍. പെരിങ്ങോട്ടുകര കിഴക്കും മുറി സ്വദേശികളായ കെ.എസ്. സ്മിത്തും ടി.ബി. വിജിലുമാണ് ഗോവയില്‍ അറസ്റ്റിലായത്. ഇതില്‍ കെ എസ് സ്മിത്ത് തൃശൂരിലെ തെക്കന്‍ മേഖലയിലെ കുപ്രസിദ്ധിയുള്ള ഗുണ്ട നേതാവാണ്. പെരിങ്ങോട്ടുകര ഡോണ്‍ എന്ന വിളിപ്പേരില്‍ അറിയപ്പെടാനാണ് സ്മിത്തിന് താത്പര്യം. നിധിലിനെ കൊലപ്പെടുത്താന്‍ സ്മിത്തും സംഘവും തീരുമാനിച്ചത് തന്നെ തന്റെ കുപ്രസിദ്ധിയില്‍ ചെറിയ ഇടിവ് വന്നോ എന്ന സംശയം മൂലമാണ്. കോടിക്കണക്കിന് രൂപ കൊള്ള പലിശയ്ക്ക് കടം നല്‍കുന്ന സ്മിത്ത് ഈ തുക കൃത്യമായി പിരിച്ചെടുക്കുന്നതിന് വേണ്ടിയാണ് ഗുണ്ടാ സംഘത്തിനെ രൂപപ്പെടുത്തിയിരുന്നത്. ഇതിനായി ക്രിമിനല്‍ പശ്ചാത്തലമുള്ള യുവാക്കളെ സംഘത്തില്‍ ചേര്‍ത്തിരുന്നു.
തൃശൂരിലെ അന്തിക്കാട്, താന്ന്യം, ചാഴൂര്‍, പെരിങ്ങോട്ടുകര എന്നിവിടങ്ങളിലാണ് സ്മിത്ത് പ്രവര്‍ത്തന മേഖല വിപുലപ്പെടുത്തിയിരുന്നത്. എന്നാല്‍ പണമിടപാടുമായി ബന്ധപ്പെട്ട് നിരവധി തര്‍ക്കങ്ങളിലും മറ്റു ഗുണ്ടാ സംഘങ്ങളുമായുള്ള ഏറ്റുമുട്ടലിലും സ്മിത്തിന്റെ സംഘം ഏര്‍പ്പെട്ടിരുന്നു. സ്മിത്തിന്റെ സംഘാംഗങ്ങളായ ദീപക്കും ആദര്‍ശും ഇത്തരം സംഘട്ടനങ്ങളില്‍ എതിര്‍ ഗുണ്ടാ സംഘത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് സ്മിത്തിന് തന്റെ കുപ്രസിദ്ധിയില്‍ കോട്ടം തട്ടിയോ എന്ന സംശയമുണ്ടായത്. എതിരാളികളില്‍ തന്നോടുള്ള ഭയം നിലനിര്‍ത്തുന്നതിന് വേണ്ടിയാണ് നിധിലിനെ കൊലപ്പെടുത്താന്‍ സ്മിത്തും സംഘവും തീരുമാനിച്ചതെന്നാണ് പൊലീസ് പറയുന്നത്. സ്മിത്തിന്റെ കൂട്ടാളികളെ കൊലപ്പെടുത്തിയ സംഘത്തില്‍ നിധിലുമുണ്ടായിരുന്നു. നിധിലിനെ കൊലപ്പെടുത്താനായി ആറംഗ സംഘത്തെയാണ് സ്മിത്ത് തയ്യാറാക്കി അയച്ചത്. ഇതിനു ശേഷം ഗോവയിലേക്ക് കടക്കുകയായിരുന്നു. നിരവധി തവണ ഗൂഢാലോചന നടത്തിയ ശേഷമാണ് ഇവര്‍ നിധിലിനെ ആക്രമിക്കാനായി എത്തിയത്.
കൊലക്കേസില്‍ ഒരു മാസം മുമ്ബ് ജാമ്യത്തിലിറങ്ങിയ നിധില്‍, അന്തിക്കാട് പൊലീസ് സ്റ്റേഷനില്‍ ഒപ്പിട്ട് വരുമ്ബോളാണ് കൊല്ലപ്പെടുന്നത്. നിധിലിന്റെ കാര്‍ മറ്റൊരു കാറിലെത്തിയ അക്രമി സംഘം പിറകില്‍ നിന്ന് ഇടിച്ചിട്ടു. തുടര്‍ന്ന് നിധിലിനെ കാറില്‍ നിന്ന് വലിച്ചു പുറത്തിട്ടു വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം റോഡരികില്‍ ഉപേക്ഷിച്ച കൊലയാളി സംഘം മറ്റൊരു കാറില്‍ രക്ഷപ്പെട്ടു. ആദര്‍ശിനെ കൊലപ്പെടുത്തിയ കേസിലെ ഒമ്ബത് പ്രതികളില്‍ ഒരാളാണ് കൊല്ലപ്പെട്ട നിധില്‍.
ഇടത് പാര്‍ട്ടിയുടെ അനുഭാവിയായിരുന്ന സ്മിത്തിന് താന്‍ ഉടന്‍ പിടിക്കപ്പെടില്ലെന്ന വിശ്വാസമായിരുന്നു ഉണ്ടായിരുന്നത്. അഥവാ പൊലീസ് പിടികൂടിയാല്‍ പാര്‍ട്ടി നേതാക്കള്‍ രക്ഷയ്‌ക്കെത്തുമെന്നും ഇയാള്‍ കരുതി. എന്നാല്‍ സമര്‍ത്ഥമായി അന്വേഷണം നടത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ സ്മിത്തിനെയും കൂട്ടാളിയേയും ഗോവയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ഇവരെ തൃശൂരില്‍ എത്തിച്ചു. ഡിഐജി എസ്.സുരേന്ദ്രനും തൃശൂര്‍ റൂറല്‍ എസ്.പി ആര്‍.വിശ്വനാഥുമടങ്ങിയ സംഘമാണ് കേസന്വേഷണവുമായി മുന്നോട്ട് നീങ്ങിയത്. കൊരട്ടി ഇന്‍സ്‌പെക്ടര്‍ അരുണും ക്രൈം സംഘത്തിലെ എസ്‌ഐ മുഹമ്മദ് റാഫിയും ചേര്‍ന്നാണ് പ്രതികളെ ഗോവയില്‍ പോയി പിടികൂടിയത്.