നര്‍ത്തകി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തന്ത്രി രാജിവച്ചു

തൃശൂര്‍: ( 30.03.2022) ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നര്‍ത്തകി മന്‍സിയക്ക് അവസരം നിഷേധിച്ച സംഭവത്തിന് പിന്നാലെ തന്ത്രി രാജിവച്ചു.
ഭരണസമിതിയില്‍ നിന്ന് തന്ത്രി പ്രതിനിധി എന്‍ പി പി നമ്ബൂതിരിപ്പാട് ആണ് രാജിവച്ചത്. ഇടതുപക്ഷം നേതൃത്വം നല്‍കുന്ന ഭരണസമിതിയില്‍ സംഭവത്തെ തുടര്‍ന്ന് തര്‍ക്കങ്ങളുണ്ടായിരുന്നു. പരമേശ്വരന്‍ നമ്ബൂതിരിപ്പാട് രാജി നല്‍കിയെന്നും എന്നാല്‍ ഭരണസമിതി രാജി സ്വീകരിച്ചിട്ടില്ലെന്നും ദേവസ്വം ചെയര്‍മാന്‍ യു പ്രദീപ് മേനോന്‍ പറഞ്ഞു. ആരോഗ്യപ്രശ്നങ്ങളാലാണ് രാജി നല്‍കിയതെന്ന് കത്തില്‍ വ്യക്തമാക്കുന്നു.

മദ്രാസ് സര്‍വകലാശാലയില്‍ നിന്നും എംഎ ഭരതനാട്യം ഒന്നാം റാങ്കോടെ പാസായ നര്‍ത്തകിയാണ് മന്‍സിയ. ഏപ്രില്‍ 21ന് ആറാം ഉത്സവദിനത്തില്‍ ഉച്ചക്കുശേഷം നാലുമുതല്‍ അഞ്ചുവരെ ഭരതനാട്യം അവതരിപ്പിക്കാന്‍ നോടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്ര ഭാരവാഹികള്‍ മന്‍സിയക്ക് അവസരം നിഷേധിച്ചത്. അഹിന്ദുവായത് കൊണ്ടാണ് ക്ഷേത്ര മതില്‍ക്കെട്ടിന് അകത്ത് നടക്കുന്ന പരിപാടിയില്‍ നിന്നും ഒഴിവാക്കേണ്ടി വന്നത് എന്നാണ് സംഘാടകര്‍ പറഞ്ഞത്.

മന്‍സിയക്ക് പിന്തുണയുമായി ഹിന്ദു ഐക്യവേദി രംഗത്തുവന്നു. മതത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തില്‍ നര്‍ത്തകിക്ക് അവസരം നിഷേധിക്കരുതെന്നും നിലപാട് തിരുത്തണമെന്നും ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രടറി രമേശ് കൂട്ടാല പറഞ്ഞു. വിശ്വാസികളായ അഹിന്ദുക്കള്‍ക്കും ക്ഷേത്രങ്ങളില്‍ പ്രവേശിക്കാനുള്ള അവസരം നല്‍കുകയാണ് വേണ്ടതെന്നും ഹിന്ദു ഐക്യവേദി ആവശ്യപ്പെട്ടു.

Related posts

Leave a Comment