തൃശൂര്‍: കോടികളുടെ നിക്ഷേപതട്ടിപ്പു നടത്തി മുങ്ങിയതിനെ തുടര്‍ന്ന് കോയമ്പത്തൂരില്‍ നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രവീണ്‍ റാണയെ ചോദ്യം ചെയ്യല്‍ തുടരുന്നു.
താന്‍ പാപ്പരായിക്കഴിഞ്ഞെന്ന മൊഴിയാണ് റാണ പോലീസിനോട് പറയുന്നതെന്നാണ് സൂചന.
ഒളിച്ചുതാമസിക്കാനുള്ള പൈസ പോലും കൈയിലുണ്ടായിരുന്നില്ലെന്നും വിവാഹമോതിരം വിറ്റാണ് ഒളിച്ചുതാമസിച്ചതെന്നും റാണ പറഞ്ഞതായി അറിയുന്നു. എന്നാല്‍ പോലീസിത് വിശ്വസിച്ചിട്ടില്ല.
തട്ടിപ്പുനടത്തിയ കോടികള്‍ ഏതെല്ലാം ബിനാമി പേരുകളില്‍ നിക്ഷേപിച്ചിട്ടുണ്ടെന്നതും എവിടെയെല്ലാം നിക്ഷേപിച്ചുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
തന്‍റെ അക്കൗണ്ടില്‍ പത്തു പൈസയില്ലെന്നാണ് റാണ പോലീസിനോടു ആവര്‍ത്തിക്കുന്നത്. ഒളിച്ചുതാമസിക്കാന്‍ കോയമ്പത്തൂരിലെത്തിയപ്പോള്‍ തന്‍റെ വിവാഹമോതിരം വരെ വില്‍ക്കേണ്ടി വന്നുവെന്ന് ഇയാള്‍ പറയുന്നു.
താന്‍ പൈസക്കായി പലരോടും ചോദിച്ചെങ്കിലും തന്നില്ലെന്നും വിദേശത്തു പോകാനുള്ള പദ്ധതി വരെ പൊളിഞ്ഞത് അങ്ങിനെയാണെന്നും ചോദ്യം ചെയ്യലില്‍ പറഞ്ഞു.
തന്നില്‍ നിന്നും പണം കടം വാങ്ങിയവര്‍ ഇപ്പോള്‍ പണം തിരിച്ചുകൊടുക്കാന്‍ തയാറാകുന്നില്ലെന്ന പരാതിയും ഇയാള്‍ ഉന്നയിക്കുന്നുണ്ട്. അതിനിടെ റാണയുടെ രണ്ട് അംഗരക്ഷകരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റാണയെ രക്ഷപ്പെടാന്‍ സഹായിച്ചത് ഇവരാണെന്ന് പോലീസ് പറയുന്നു.
റാണയുടെ അറസ്റ്റ് ഇന്നുണ്ടാകും. പരമാവധി ചോദ്യം ചെയ്യലും തെളിവെടുപ്പും പൂര്‍ത്തിയാക്കിയ ശേഷം അറസ്റ്റു രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി ജുഡീഷല്‍ കസ്റ്റഡിയില്‍ വിട്ടുകിട്ടാനാണ് പോലീസ് നീക്കം.