നടി പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തു പ്രചരിപ്പിച്ച പ്രതി ഡല്‍ഹിയില്‍ അറസ്റ്റില്‍

തിരുവനന്തപുരം : ചലച്ചിത്ര നടിയുടെ മോർഫ് ചെയ്ത വ്യാജ നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ച സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ഡൽഹി സാഗർപൂർ സ്വദേശിയായ ഭാഗ്യരാജ് (22) ആണ് അറസ്റ്റിലായത്. പ്രത്യേക അന്വേഷണ സംഘം ഡൽഹിയിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കേസിൽ നേരത്തെ മറ്റൊരാളെ പിടികൂടിയിരുന്നു.

നടി പ്രവീണയുടെ പേരിൽ വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് നിർമ്മിച്ചാണ് ഇവർ നഗ്ന ചിത്രങ്ങൾ പ്രചരിപ്പിച്ചത്. നടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. എ.ഡി.ജി.പി മനോജ് എബ്രഹാമിന്റെ നിർദ്ദേശമനുസരിച്ച് സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. ഇന്ന് തിരുവനന്തപുരത്ത് എത്തിക്കുന്ന പ്രതിയെ കോടതിയിൽ ഹാജരാക്കും. ഈ കേസുമായി ബന്ധപ്പെട്ട് തമിഴ്‌നാട് കന്യാകുമാരി സ്വദേശിയായ മണികണ്ഠൻ ശങ്കറിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം പ്രതികളെ പിടികൂടിയതിൽ സന്തോഷമുണ്ടെന്ന് നടി പ്രവീണ പ്രതികരിച്ചു. ചലച്ചിത്ര രംഗത്തെ നിരവധി നടിമാർക്കെതിരെ ഇത്തരത്തിൽ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ട്. എന്നാൽ അധികം പേരും പരാതി നൽകാതെ കുറ്റവാളികളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. അത്തരം സാഹചര്യങ്ങൾ ഒഴിവാക്കി സൈബർ ആക്രമണങ്ങൾക്കെതിരെ പരാതിയുമായി എല്ലാവരും രംഗത്തെത്തണമെന്നും പ്രവീണ പറഞ്ഞു.

Related posts

Leave a Comment