നടി തൃഷയ്‌ക്കെതിരെയുളള മോശം പരാമര്‍ശം: മന്‍സൂര്‍ അലിഖാനെതിരെ സ്വമേധയാ കേസെടുത്ത് വനിതാ കമ്മിഷന്‍

ന്യൂഡല്‍ഹി: നടി തൃഷയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ നടന്‍ മന്‍സൂര്‍ അലി ഖാനെതിരെ സ്വമേധയാ കേസെടുത്ത് ദേശീയ വനിതാ കമ്മിഷന്‍ ( എന്‍സിഡബ്ല്യു).

ഐപിസി സെക്ഷന്‍ 509 ബി പ്രകാരവും മറ്റു പ്രസക്തമായ വകുപ്പുകളും പ്രകാരം നടനെതിരെ നടപടി സ്വീകരിക്കാന്‍ ചെന്നൈ ഡിജിപിയോട് നിര്‍ദേശിച്ചതായും കമ്മിഷന്‍ അറിയിച്ചു.

എക്‌സ് പോസ്റ്റിലൂടെയാണ് കമ്മിഷന്‍ ഇക്കാര്യം അറിയിച്ചത്. മന്‍സൂര്‍ അലി ഖാന്‍ നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശത്തില്‍ അഗാധമായ ഉത്കണ്ഠ രേഖപ്പെടുത്തുന്നതായും കമ്മിഷന്‍ വ്യക്തമാക്കി.

എന്‍സിഡബ്ല്യൂ ചെയന്‍പഴ്‌സണ്‍ രേഖ ശര്‍മ, വനിതാ ശിശുവികസന മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം, ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐഡി മന്ത്രാലയം , ചെന്നൈ പോലീസ് എന്നിവരെ ടാഗ് ചെയ്തുകൊണ്ടായിരുന്നു വനിതാ കമ്മിഷന്റെ പോസ്റ്റ്.

ലിയോ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ തൃഷയ്ക്കതെിരെ മോശം പരാമര്‍ശങ്ങള്‍ നടത്തിയത്.

ലിയോയില്‍ തൃഷയാണ് നായികയെന്നറിഞ്ഞപ്പോള്‍ ഒരു കിടപ്പറ രംഗമുണ്ടാവുമെന്ന് പ്രതീക്ഷിച്ചു. 350 ഓളം ചിത്രങ്ങളിലഭിനയിച്ചപ്പോള്‍ നമ്മള്‍ ചെയ്യാത്തതരം റേപ്പ് സീനുണ്ടോ? ചിത്രത്തിലെ വില്ലന്‍ വേഷം പോലും തനിക്ക് തന്നില്ലെന്നുമാണ് മന്‍സൂര്‍ അലിഖാന്‍ പറഞ്ഞത്.

ഇതിനെതിരെ ലോകേഷ് കനകരാജ്, മാളവിക മോഹന്‍, കുശ്ബു, ചിന്മയി, റോജ ഉള്‍പ്പെടെ നിരവധി പേര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അതേസമയം താന്‍ തമാശയായി പറഞ്ഞ കാര്യങ്ങളിലെ ചില ഭാഗങ്ങള്‍ മാത്രം എടുത്ത് വിവാദം സൃഷ്ടിച്ചതാണെന്നാണ് മന്‍സൂര്‍ അലിഖാന്‍ പ്രതികരിച്ചത്.

 

Related posts

Leave a Comment