കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കടുത്ത ജാമ്യവ്യവസ്ഥകളോടെ പള്‍സർ സുനി പുറത്തേക്ക്. സാക്ഷികളെ സ്വാധീനിക്കരുത്, കോടതിയുടെ അനുമതിയില്ലാതെ എറണാകുളം വിട്ട് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, ഒരു സിമ്മില്‍ കൂടുതല്‍ ഉപയോഗിക്കരുത്, രണ്ട് ആള്‍ ജാമ്യവും ഒരു ലക്ഷം രൂപയും എന്നീ വ്യവസ്ഥകളുടെ അടിസ്ഥാനത്തിലാണ് സുനിക്ക് വിചാരണ കോടതി ജാമ്യം അനുവദിച്ചത്.
പള്‍സർ സുനിയുടെ കാര്യത്തില്‍ കടുത്ത ജാമ്യവ്യവസ്ഥകള്‍ വേണമെന്ന് പ്രോസിക്യൂഷൻ കോടിയില്‍ വാദിച്ചിരുന്നു. പ്രതിയുടെ ജയില്‍ മോചനം അതിജീവിതയുടെ ജീവന് ഭീഷണി ആകരുതെന്നും ഇരയുടെ സ്വകാര്യതയും സുരക്ഷയും പ്രധാനമാണെന്നും പ്രോസിക്യൂഷൻ കോടതിയില്‍ വാദിച്ചു. ഒരു തരത്തിലും അവരുടെ ജീവിതത്തിലേക്ക് കടന്നു കയറരുതെന്നും കുറ്റകൃത്യത്തിന്റെ സ്വഭാവം പരിഗണിക്കണമെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പള്‍സർ സുനി വിചാരണ കോടതിയുടെ പരിധി വിട്ട് പോകരുതെന്ന് ഉറപ്പാക്കണമെന്നും സുനിയുടെ ജീവന് സംരക്ഷണം നല്‍കണമെന്നും പ്രോസിക്യൂഷൻ വാദിച്ചപ്പോള്‍ സാധാരണ വ്യവസ്ഥകള്‍ക്കപ്പുറത്തേക്ക് പ്രത്യേക വ്യവസ്ഥകള്‍ നിർദേശിക്കാനുണ്ടോയെന്ന് കോടതി ചോദിച്ചു.
സുരക്ഷ ഉറപ്പാക്കാൻ പൊലീസ് സ്റ്റേഷനില്‍ ഹാജരാകേണ്ടത് ഉണ്ടോയെന്നും കോടതി ചോദിച്ചു. സുനി എല്ലാ ദിവസവും സ്റ്റേഷനില്‍ ഹാജരാകണമെന്ന വ്യവസ്ഥ വേണമെന്ന പ്രോസിക്യൂഷൻ ആവശ്യത്തിലാണ് കോടതിയുടെ ചോദ്യം. ജീവന് ഭീഷണിയുണ്ടെന്ന പേരില്‍ പൊലീസ് സ്റ്റേഷനില്‍ റിപ്പോർട്ട് ചെയ്യണമെന്ന് പറയാനാകില്ലെന്നും കോടതി പറഞ്ഞു.
പള്‍സർ സുനിക്ക് ഒരാഴ്ചയ്ക്കുള്ളില്‍ ജാമ്യം നല്‍കണമെന്നായിരുന്നു സുപ്രിം കോടതി നിർദേശം. ചൊവ്വാഴ്ചയാണ് സുനിക്ക് ജാമ്യം ലഭിച്ചത്. വിചാരണ നീണ്ടുപോകുന്നുവെന്ന് ചൂണ്ടിക്കാട്ടി സുപ്രിംകോടതിയാണ് ജാമ്യം അനുവദിച്ചത്. സംസ്ഥാന സർക്കാർ ജാമ്യം നല്‍കുന്നതിനിടെ എതിർത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ട് എന്നായിരുന്നു സർക്കാർ നിലപാട്.
എന്നാല്‍ ഏഴ് വർഷമായി താൻ ജയിലിലാണെന്നും വിചാരണ നീളുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കണമെന്നുമായിരുന്നു സുനിയുടെ വാദം. നിരന്തരം ജാമ്യാപേക്ഷ സമർപ്പിച്ചതിനെ തുടർന്ന് പള്‍സർ സുനിക്ക് പിഴ ചുമത്തിയി ഹൈക്കോടതി നടപടി സുപ്രിംകോടതി നേരത്തെ റദ്ദാക്കിയിരുന്നു.