നടിയെ ആക്രമിച്ച കേസ്: വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ജഡ്‌ജി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ജഡ്‌ജി. വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് വിചാരണ കോടതി ജഡ്‌ജി സുപ്രീം കോടതിയെ സമീപിച്ചു. മൂന്നുമാസം കൂടി വേണമെന്നാണ് ജഡ്‌ജി സുപ്രീം കോടതിയെ അറിയിച്ചത്.

കേസില്‍ വിചാരണ നടപടികള്‍ വെെകരുതെന്ന് സുപ്രീം കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ആറു മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കാനായിരുന്നു സുപ്രീം കോടതി നിര്‍ദേശം. എന്നാല്‍, കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് പലപ്പോഴും വിചാരണ നടപടികള്‍ തടസപ്പെട്ടതായും അതുകൊണ്ട് കൂടുതല്‍ സമയം അനുവദിക്കണമെന്നും ജഡ്‌ജി ആവശ്യപ്പെട്ടിട്ടുണ്ട്. വിചാരണ കോടതി ജഡ്‌ജി ഹണി വര്‍ഗീസാണ് സുപ്രീം കോടതിയില്‍ ഇക്കാര്യങ്ങള്‍ അറിയിച്ചത്.

അതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിസ്‌താരം പുരോഗമിക്കുകയാണ്. കോവിഡ് വ്യാപനം തടയാന്‍ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതിനു പിന്നാലെ നടിയെ ആക്രമിച്ച കേസിലെ വിചാരണ നടപടികള്‍ മാര്‍ച്ച്‌ 24ന് നിര്‍ത്തിവച്ചിരുന്നു. പിന്നീട് നീണ്ട ഇടവേളയ്ക്ക് ശേഷം ജൂണ്‍ അവസാനത്തോടെയാണ് ക്രോസ് വിസ്‌താരം പുനഃരാരംഭിച്ചത്. വിസ്‌താരം പൂര്‍ത്തിയായ ശേഷമായിരിക്കും വിചാരണ നടപടികള്‍ ആരംഭിക്കുക.

കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിയടക്കമുള്ളവര്‍ക്കെതിരെ ബലാത്സംഗം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. കേസില്‍ 11-ാം പ്രതിയായ ദിലീപിനെതിരെ ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിട്ടുള്ളത്.

കേസില്‍ കുറ്റവിമുക്തനാക്കണമെന്ന നടന്‍ ദിലീപിന്റെ ഹര്‍ജി ഹൈക്കോടതി നേരത്തേ തള്ളിയിരുന്നു. വിടുതല്‍ ഹര്‍ജി വിചാരണ കോടതി തള്ളിയതിനെതിരെയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ താന്‍ പ്രതി മാത്രമല്ല ഇര കൂടിയാണെന്നും ഇരയെയും പ്രതിയെയും ഒരുമിച്ച്‌ വിചാരണ ചെയ്യാന്‍ ക്രിമിനല്‍ ചട്ടത്തില്‍ വ്യവസ്ഥയില്ലെന്നും ചൂണ്ടിക്കാട്ടിയായിരുന്നു ദിലീപിന്റെ ഹര്‍ജി.

.

Related posts

Leave a Comment