കൊച്ചി: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷി വിപിന്‍ലാലിനെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയ കേസില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി ചോദ്യം ചെയ്യലിന് ഹാജരായി. പ്രദീപ് കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നിര്‍ദേശിക്കുകയായിരുന്നു.
കാഞ്ഞങ്ങാട് ഡിവൈഎസ്പി ഓഫീസിലാണ് പ്രദീപ് ഹാജരായിരിക്കുന്നത്. മുഖ്യസാക്ഷികളില്‍ ഒരാളായ വിപിന്‍ലാലിന്റെ അയല്‍വാസിയായ സ്ത്രീ ഉള്‍പ്പെടെയുള്ളവര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിയിട്ടുള്ളതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബേക്കല്‍ സിഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രദീപിനെ ചോദ്യം ചെയ്യുന്നത്.
കേസിലെ എട്ടാംപ്രതിയായ ദിലീപിനെതിരെ മൊഴി നല്‍കിയാല്‍ സാമ്ബത്തിക നേട്ടം ഉണ്ടാകുമെന്നും തിരിച്ചായാല്‍ ജീവഹാനി ഉണ്ടാകുമെന്നും ഭീഷണി കത്തുകള്‍ ലഭിച്ചതോടെയാണ് വിപിന്‍ലാല്‍ പൊലീസില്‍ പരാതിപ്പെട്ടത്. സെപ്റ്റംബര്‍ 24, 25, 26 തിയതികളിലാണ് മൂന്ന് ഭീഷണിക്കത്തുകള്‍ ലഭിച്ചത്. സെപ്റ്റംബര്‍ 26നാണ് പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
പ്രദീപ്, വിപിന്‍ ലാലിന്‍റെ നാടായ ബേക്കലിലെത്തി അമ്മയേയും അമ്മാവനേയും കണ്ട് മൊഴി മാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായും അമ്മാവന്‍റെ ജ്വല്ലറിയിലെത്തി അദ്ദേഹം മുഖേന സ്വാധീനിക്കാന്‍ ശ്രമിതായും അമ്മയെ ഫോണില്‍ വിളിച്ച് മൊഴി മാറ്റാന്‍ നിര്‍ദേശിച്ചെന്നും വിപിന്‍ലാലിന്‍റെ പരാതിയിലുണ്ട്. ബന്ധുവിന്‍റെ ജ്വല്ലറിയിലെത്തിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് ഭീഷണിപ്പെടുത്തിയ വ്യക്തി കെ.ബി ഗണേഷ്കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയാണെന്ന് കണ്ടെത്തിയത്.
അതേസമയം, നടിയെ ക്വട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാനായി മാറ്റിയിരിക്കുകയാണ്. വിധി വരും വരെ വിചാരണ തടഞ്ഞു കൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും. സാക്ഷി വിസ്‌താരം വിചാരണക്കോടതിയില്‍ ആരംഭിക്കാനിരിക്കെയായിരുന്നു ഹൈക്കോടതിയുടെ ഇടപെടല്‍. വിചാരണക്കോടതി മാറ്റണമെന്ന പ്രോസിക്യൂഷന്റെ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു വിചാരണക്കോടതി സാക്ഷി വിസ്താരം തീരുമാനിച്ചത്.
പല സാക്ഷികളും കോടതിയില്‍ വരാന്‍ തയ്യാറാണെന്നും സാക്ഷികളില്‍ പലരെയും ബുദ്ധിമുട്ടിച്ചിട്ടും കോടതി ഇടപെട്ടില്ലെന്നും നടി ചൂണ്ടിക്കാട്ടിയിരുന്നു. നടിയുടെ സത്യവാങ്ങ്മൂലവും സര്‍ക്കാര്‍ രേഖകള്‍ മുദ്രവെച്ച കവറിലും ലഭിച്ചെന്ന് കോടതി അറിയിച്ചിരുന്നു. വിചാരണക്കോടതിയില്‍നിന്ന് നീതി ലഭിക്കില്ലെന്നും കോടതി മാറ്റണമെന്നുമുള്ള നടിയുടെയും സര്‍ക്കാരിന്റെയും ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിക്കുന്നത്. വിചാരണ കോടതി പക്ഷപാതപരമായി പെരുമാറുന്നുവെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ആരോപിക്കുന്നു.