നടിയുടെ പരാതി; ശ്രീകുമാര്‍ മേനോനെതിരെ കേസ്, ജയസൂര്യക്കെതിരായ കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴിയെടുക്കും

നടിയുടെ പരാതിയില്‍ സംവിധായകന്‍ ശ്രീകുമാര്‍ മേനോനെതിരെ കേസെടുത്തു. മരട് പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കേസ് പ്രത്യേക അന്വേഷണ സംഘത്തിന് കൈമാറി. ഓഡിഷന് പോയപ്പോള്‍ മോശമായ അനുഭവമുണ്ടായെന്ന് നടി വെളിപ്പെടുത്തിയിരുന്നു. കല്യാണ്‍ സില്‍ക്‌സിന്റെ പരസ്യ ചിത്രത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞാണ് ശ്രീകുമാര്‍ മേനോന്‍ വിളിക്കുന്നതെന്നും പല സിനിമയിലേക്ക് വിളിക്കുമ്ബോഴും അഡ്ജസ്റ്റ്‌മെന്റാണ് ചോദിക്കുന്നതെന്നും നടി പറഞ്ഞു.

പല തവണ ഇതേ അനുഭവമുണ്ടായപ്പോള്‍ സിനിമ ഒഴിവാക്കിയെന്നും നടി കൂട്ടിച്ചേര്‍ത്തുസംവിധായകന്‍ വി കെ പ്രകാശിനെതിരായ ലൈംഗിക ആരോപണ പരാതിയില്‍ യുവതിയുടെ രഹസ്യമൊഴിയെടുക്കാന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.

പരാതിക്കാരിയായ യുവതിയുടെ രഹസ്യ മൊഴിയെടുക്കാന്‍ പൊലീസ് കോടതിയെ സമീപിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴി എടുക്കണമെന്ന് ആവശ്യപ്പെട്ട് പള്ളിത്തോട്ടം പൊലീസാണ് കൊല്ലം സിജെഎം കോടതിയില്‍ അപേക്ഷ നല്‍കിയത്.

ദുരനുഭവമുണ്ടായ ഹോട്ടല്‍ സംബന്ധിച്ച്‌ വ്യക്തത വരുത്താനാണ് പൊലീസ് നീക്കം. പരാതിക്കാരിയെ നേരിട്ട് എത്തിച്ചാകും വ്യക്തത വരുത്തുക. ഹോട്ടലില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറി എന്നാണ് യുവതിയുടെ പരാതി. അതേസമയം, കേസ് എസ് ഐ ടിയ്ക്ക് കൈമാറുന്നതിലും ഉത്തരവ് ഇറങ്ങിയില്ല.

ജയസൂര്യക്കെതിരായ കേസില്‍ തിങ്കളാഴ്ച പരാതിക്കാരിയുടെ രഹസ്യ മൊഴിയെടുക്കും. തിരുവനന്തപുരം ജെഎഫ്‌എംസി- 3 കോടതിയാണ് മൊഴി രേഖപ്പെടുത്തുന്നത്.

കന്റോണ്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്ലാണ് നടപടി. രഹസ്യ മൊഴിയെടുക്കുന്നതിന് ഹാജരാകാൻ പരാതിക്കാരിക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. പരിശോധനയ്ക്കായി സെക്രട്ടറിയേറ്റിലും അന്വേഷണസംഘം അനുമതി തേടിയിട്ടുണ്ട്.

സെക്രട്ടറിയേറ്റിലെ സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്ത് വെച്ച്‌ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354 എ, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ജയസൂര്യക്കെതിരെ കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.

Related posts

Leave a Comment