ബസിന് പാലായില്‍ ലഭിച്ച സ്വീകരണത്തില്‍ നിന്ന്
പാലാ: മോട്ടോര്‍ വാഹന വകുപ്പിനെതിരെ നിയമപോരാട്ടം നടത്തി പെര്‍മിറ്റ് നേടി അന്തര്‍ സംസ്ഥാന സര്‍വീസ് നടത്തുന്ന ‘റോബിൻ’ ബസിനോട് പ്രതികാര നടപടി തുടര്‍ന്ന് വകുപ്പ്.
സര്‍വീസ് പുനരാരംഭിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ ബസ് തടഞ്ഞ് എം.വി.ഡി ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുകയും പെര്‍മിറ്റ് ലംഘനത്തിന് 7,500 രൂപ പിഴ ചുമത്തുകയും ചെയ്തു.
രാവിലെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് പുറപ്പെട്ട ബസ് സ്റ്റാൻഡില്‍ നിന്ന പുറപ്പെട്ട് 200 മീറ്റര്‍ പിന്നിട്ടപ്പോഴാണ് ഉദ്യോഗസ്ഥര്‍ തടഞ്ഞത്. 7,500 രൂപയുടെ ചെലാൻ നല്‍കിയെങ്കിലും പിഴ അടയ്ക്കാതെ ബസ് സര്‍വീസ് തുടര്‍ന്നു.
എട്ടു മണിക്കു ശേഷമാണ് രണ്ടാമത്തെ പരിശോധന. പാലാ ഇടപ്പാടിയില്‍ എത്തിയപ്പോള്‍ ഉദ്യോഗസ്ഥര്‍ വീണ്ടും ബസ് തടയുകയും പരിശോധന നടത്തുകയും ചെയ്തു.
എന്നാല്‍ ഗതാഗതക്കുരുക്ക് ഉണ്ടായതോടെ നാട്ടുകാര്‍ പ്രതിഷേധിക്കുകയും ബസ് വിട്ടയക്കാൻ ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിതരാകുകയും ചെയ്തു. ബസ് കോയമ്ബത്തൂരിലേക്ക് യാത്ര തിരിച്ചു. പ്രധാന ജംഗ്ഷനുകളിലെല്ലാം ബസിന് നാട്ടുകാര്‍ സ്വീകരണവും നല്‍കുന്നുണ്ട്.
ബസിന് ടൂറിസ്റ്റ് പെര്‍മിറ്റ് ആണുള്ളതെന്നും സ്‌റ്റേജ് ക്യാരേജ് ആയി ഓടാൻ അനുവദിക്കില്ലെന്നുമാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ നിലപാട്.
സാധുതയുള്ള സ്‌റ്റേജ് ക്യാരേഡ് പെര്‍മിറ്റില്ലാതെ യാത്രക്കാരില്‍ നിന്നും യാത്രാക്കൂലി ഈടാക്കി ഓടിയതിനുള്ള പിഴയായാണ് 7,500 രുപ ചുമത്തുന്നതെന്നാണ് എം.വി.ഡിയുടെ വിശദീകരണം.
ഒക്‌ടോബര്‍ 16ന് പത്തനംതിട്ടയില്‍ നിന്ന് കോയമ്ബത്തൂരിലേക്ക് സര്‍വീസ് ആരംഭിച്ച റോബിൻ ബസിനെ നിയമലംഘനം ചൂണ്ടിക്കാട്ടി റാന്നിയില്‍ വച്ച് എം.വി.ഡി പിടിച്ചെടുക്കുകയായിരുന്നു.
ഉടമ നടത്തിയ നിയമപോരാട്ടത്തിന് ശേഷമാണ് സര്‍വീസ് പുനരാരംഭിച്ചത്. വെള്ളിയാഴ്ച സര്‍വീസ് പുനരാരംഭിക്കാനിരുന്നതാണെങ്കിലും ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു.
ദിവസവും പുലര്‍ച്ചെ അഞ്ച് മണിക്ക് പത്തനംതിട്ടയില്‍ നിന്ന് പുറപ്പെട്ട് ഉച്ചയ്ക്ക് 12 മണിക്ക് കോയമ്ബത്തൂരില്‍ എത്തുകയും തിരികെ വൈകിട്ട് അഞ്ചിന് പുറപ്പെട്ട് രാത്രി 12ന് പത്തനംതിട്ടയില്‍ തിരിച്ചെത്തുകയും ചെയ്യുന്ന വിധത്തിലാണ് സര്‍വീസ്.