സിനിമ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി പുറത്തുവിട്ട മെഡിക്കല്‍ ബുള്ളറ്റിന്‍. വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിഞ്ഞതിനെ തുടര്‍ന്നുണ്ടായ രക്തസ്രാവമാണ് വേദനയ്ക്ക് കാരണമായത്. നാളെ രാവിലെ 11 മണിവരെ തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തില്‍ തുടരും. തുടര്‍ന്ന് ആന്‍ജിയോഗ്രാം ടെസ്റ്റ് നടത്തുമെന്നും മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
തിങ്കളാഴ്ചയാണ് പിറവത്തു നടക്കുന്ന കള ഷൂട്ടിങ്ങിനിടെ ടൊവിനോയ്ക്ക് പരിക്കേല്‍ക്കുന്നത്. എന്നാല്‍ അപ്പോള്‍ കാര്യമായ വേദന ഇല്ലാത്തതിനാല്‍ ചിത്രീകരണം തുടര്‍ന്നു. ചൊവ്വാഴ്ചയും നടന്‍ ചിത്രീകരണത്തില്‍ പങ്കെടുത്തു.ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയത്തിനു ശേഷം കടുത്ത വയറു വേദന തുടങ്ങി. അടുത്ത ദിവസം ലൊക്കേഷനിലെത്തിയപ്പോള്‍ വീണ്ടും വേദന അനുഭവപ്പെട്ടതോടെയാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
വിശദമായ പരിശോധനയില്‍ വയറിനുള്ളിലെ ചെറിയ രക്തക്കുഴല്‍ മുറിയുകയും രക്തപ്രവാഹം ഉണ്ടായതും ഡോക്ടര്‍മാര്‍ കണ്ടെത്തി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന താരം ഐസിയുവില്‍ നിരീക്ഷണത്തില്‍ തന്നെ തുടരുകയാണ്. രണ്ട് ദിവസത്തിനു ശേഷം ആശുപത്രി വിടും. വീട്ടില്‍ ചെന്നാലും മൂന്നാഴ്ച പൂര്‍ണമായ വിശ്രമം വേണമെന്നാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടര്‍മാരുടെ നിര്‍ദേശം.
രോഹിത് വിഎസ് സംവിധാനം ചെയ്യുന്ന ചിത്രം ത്രില്ലര്‍ സ്വഭാവത്തിലുള്ളതാണ്. ഫൈറ്റുകളും മറ്റും വളരെ ഏറെയാണ് ചിത്രത്തില്‍. ചിത്രത്തില്‍ സംഘട്ടനങ്ങളെല്ലാം ഡ്യൂപ്പില്ലാതെയാണ് ടൊവിനോ ചെയ്യുന്നത്. താരത്തിന് പരുക്കേറ്റതോടെ ചിത്രത്തിന്റെ ഷൂട്ടിങ് നിര്‍ത്തിവച്ചിരിക്കുകയാണ്.