നഗരം കാണാന്‍ ഇനി മുതല്‍ കെ.എസ്.ആര്‍.ടി.സിയുടെ പുതിയ ബസുകള്‍, മേല്‍ക്കൂരയില്ലാത്ത ഡബിള്‍ ഡക്കര്‍ ബസ് ഇന്ന് മുതല്‍ ഓടിത്തുടങ്ങും

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ ഡബിള്‍ ഡക്കര്‍ സവാരിയുമായി നൈറ്റ് റൈഡേഴ്സ് ബസുകള്‍ നിരത്തിലിറങ്ങുന്നു.

സിറ്റി റൈഡേഴ്‌സ് ഡബിള്‍ ഡക്കര്‍ ബസുകള്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. വിദേശ നഗരങ്ങളിലും മുംബൈ , ഡല്‍ഹി പോലെ ഇന്ത്യന്‍ നഗരങ്ങളിലും ടൂറിസ്റ്റുകളെ ഉദ്ദേശിച്ചു നടത്തുന്ന ഈ സര്‍വീസുകള്‍ ആദ്യം തിരുവനന്തപുരത്തും തുടര്‍ന്ന്, കൊച്ചി, കോഴിക്കോട്, പാലക്കാട് നഗരങ്ങളിലുമാണ് കൊണ്ടുവരുന്നത്. വൈകുന്നേരം കിഴക്കേക്കോട്ട ഗാന്ധി നഗറില്‍ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തില്‍ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ബസ് സര്‍വ്വീസ് ഫ്‌ലാഗ് ഓഫ് ചെയ്യും.

വിദേശരാജ്യങ്ങളിലേതു പോലെയുള്ള ടൂറിസ്റ്റുകളെ ലക്ഷ്യമിട്ടുള്ള ഡബിള്‍ ഡക്കര്‍ ഓപ്പണ്‍ ബസ് കേരളത്തില്‍ ഇത് ആദ്യത്തേതാണ്. പത്മനാഭസ്വാമി ക്ഷേത്രം, സെക്രട്ടറിയേറ്റ്, നിയമസഭ, മ്യൂസിയം, കനകക്കുന്ന് കൊട്ടാരം, വെള്ളയമ്ബലം, കോവളം, ലുലുമാള്‍ റൂട്ടിലാണ് രാത്രി സര്‍വ്വീസ് നടത്തുന്നത്.

നിലവില്‍ 4 ബസുകളാണ് ഇതിനായി പ്രത്യേകം ബോഡി നിര്‍മാണം നടത്തുന്നത്. പഴയ ബസുകളാണ് രൂപാന്തരം വരുത്തുന്നത്. മഴയില്‍ നനഞ്ഞാല്‍ കേടാകാത്ത സീറ്റും സ്പീക്കറുമൊക്കെയാണ് ബസില്‍ സ്ഥാപിക്കുന്നത്. ആവശ്യമെങ്കില്‍ മഴക്കാലത്തും സര്‍വീസ് നടത്താന്‍ സുതാര്യമായ മേല്‍ക്കൂര സ്ഥാപിക്കും.

നിലവില്‍ വൈകുന്നേരം അഞ്ച് മണി മുതല്‍ 10 മണിവരെ നീണ്ട് നില്‍ക്കുന്ന നൈറ്റ് സിറ്റി റൈഡ്, രാവിലെ ഒന്‍പത് മുതല്‍ നാല് മണിവരെ നീണ്ടു നില്‍ക്കുന്ന ഡേ സിറ്റി റൈഡുമാണ് നടത്തുന്നത്. ഈ രണ്ട് സര്‍വ്വീസിലും 250 രൂപയാണ് യാത്രാനിരക്ക്. പ്രാരംഭ ഓഫര്‍ എന്ന നിലയ്‌ക്ക് 200 രൂപയ്‌ക്ക് ടിക്കറ്റ് ലഭിക്കും. യാത്രക്കാര്‍ക്ക് വെല്‍ക്കം ഡ്രിങ്‌സ്, സ്‌നാക്‌സ് എന്നിവയും ബസില്‍ ഒരുക്കിയിട്ടുണ്ട്.

തിരുവനന്തപുരം നഗരത്തിലെ എല്ലാ പ്രദേശങ്ങളും ചുറ്റിക്കറങ്ങിയ ശേഷം കോവളത്തേക്ക് പോകും. അവിടെ യാത്രക്കാര്‍ക്ക് കുറച്ച്‌ സമയം ചെലവിടാം. തിരികെ വീണ്ടും നഗരത്തിലേക്ക്. ആവശ്യക്കാരുണ്ടെങ്കില്‍ രാത്രി 12ന് ശേഷവും സര്‍വ്വീസുകള്‍ ആലോചിക്കും. വെക്കേഷന്‍ കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേക ടൂര്‍ പാക്കേജും പരിഗണനയിലുണ്ട്.

Related posts

Leave a Comment