ധൈര്യക്കുറവില്ല, ആരുടെയും സംരക്ഷണവും ആവശ്യമില്ല; ചാനല്‍ ചര്‍ച്ചയില്‍ കരഞ്ഞുപോയത് രോ​ഗികളുടെ ജീവന്റെ കാര്യമോര്‍ത്തെന്നും ഡോ. നജ്മ

തിരുവനന്തപുരം: തനിക്ക് ധൈര്യത്തിന് കുറവൊന്നുമില്ലെന്നും ചാനല്‍ ചര്‍ച്ചയില്‍ കരഞ്ഞുപോയത് ജീവന്റെ കാര്യം സംസാരിക്കുന്നതിനിടയിലെന്നും കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍ നജ്മ. കഴിഞ്ഞ ദിവസം മാതൃഭൂമി ചാനലിലെ ചര്‍ച്ചക്കിടെ കരഞ്ഞ സംഭവത്തിലാണ് ഡോക്ടറുടെ വിശദീകരണം. കാര്യങ്ങള്‍ തുറന്ന് പറയുന്നതിന്റെ പേരില്‍ തനിക്ക് ഭീഷണിയില്ലെന്നും അതുകൊണ്ട് തന്നെ ആരുടെയും സംരക്ഷണം ആവശ്യമില്ലെന്നും ഡോക്ടര്‍ നജ്മ മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.

നജ്മയുടെ വാക്കുകള്‍: ‘ഞാന്‍ വീണ്ടും ഡ്യൂട്ടിക്ക് കയറുകയാണ്. കുറെ പേര്‍ക്ക് തെറ്റിദ്ധാരണകള്‍ ഉണ്ടായിട്ടുണ്ട്. അവരോട് പറയാനുള്ളത് സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഞാന്‍ ഇതുവരെയും പറഞ്ഞിട്ടില്ല. എന്റെ കോളേജ് ശവപ്പറമ്ബ് ആണെന്നും ഞാന്‍ പറഞ്ഞിട്ടില്ല. അതെല്ലാം അടിസ്ഥാനരഹിതമാണ്. ഞാന്‍ ഡ്യൂട്ടി ചെയ്യാന്‍ തുടങ്ങിയത് ജനുവരി മുതലാണ്. ഇന്നുവരെ കോളേജ് നല്ലതായാണ് അനുഭവപ്പെട്ടത്. രണ്ട് പേരുടെ കാര്യം മാത്രമാണ് ഞാന്‍ പറഞ്ഞത്. എത്രയോ രോഗികള്‍ അവിടെനിന്ന് സുഖപ്പെട്ട് പോയിട്ടുണ്ട്. ഈ രണ്ട് രോഗികളുടെ കാര്യത്തില്‍ അനാസ്ഥ ഉണ്ടായിട്ടുണ്ട് എന്നതില്‍ ഉറച്ചുനില്‍ക്കുന്നു. എന്ന് കരുതി രോഗികളെയും കൂട്ടിരിപ്പുകാരെയും ഭയാനകമായ അന്തരീക്ഷത്തിലേക്ക് തള്ളിയിടരുത്‌. രാഷ്ട്രീയവും മതവുമൊന്നും ഇതില്‍ കൂട്ടിച്ചേര്‍ക്കരുത്. പാര്‍ട്ടികളുടെയും സംഘടനകളുടെയും ആളുകള്‍ ബന്ധപ്പെടുന്നുണ്ട്. ദയവു ചെയ്ത് എന്നെ ഒരു പാര്‍ട്ടിയിലേക്കും വലിച്ചിഴയ്ക്കരുത്. നിങ്ങളുടെ കരുവാക്കി എന്നെ മാറ്റരുത്. ഒറ്റയ്ക്ക് നിന്നോളാം. ഒറ്റയ്ക്ക് നില്‍ക്കാനുള്ള ധൈര്യം എനിക്കുണ്ട്. ഇന്നലെ കരഞ്ഞ് പോയത് ധൈര്യക്കുറവ് കൊണ്ടല്ല. ജീവന്റെ കാര്യങ്ങളാണല്ലോ സംസാരിക്കുന്നത്. അതുകൊണ്ടാണ് കരഞ്ഞുപോയത്. എനിക്ക് ഭീഷണി ഇല്ല. അതുകൊണ്ട് ആരുടെയും സംരക്ഷണം ആവശ്യമില്ല. മനുഷ്യത്വം എന്ന പേരില്‍ മാത്രം തന്നെ ബന്ധപ്പെട്ടാല്‍ മതി.’

കഴിഞ്ഞ ​ദിവസം മാതൃഭൂമി ന്യൂസ് ചര്‍ച്ചയ്ക്കിടെയാണ് ഡോക്ടര്‍ നജ്മ പൊട്ടിക്കരഞ്ഞത്. ചര്‍ച്ചയ്ക്കിടെ കെ.ജി.എന്‍.എ. പ്രതിനിധി നിഷയും കെ.ജി.എം.സി.ടി.എ. വക്താവ് ഡോ. ബിനോയിയും നജ്മയ്‌ക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. വണ്‍മാന്‍ ഷോ എന്നുവരെ നജ്മയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. ഇതിന് മറുപടി പറയവേയാണ് നജ്മ പൊട്ടിക്കരഞ്ഞത്.

ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ വരും ദിവസങ്ങളിലും എനിക്കെതിരെ രൂക്ഷവിമര്‍ശനം ഉണ്ടാകുമെന്ന ഉറച്ച ബോധ്യമുണ്ട് എന്ന് നജ്മ ചര്‍ച്ചയില്‍‌ ചൂണ്ടിക്കാട്ടിയിരുന്നു. ഞാന്‍ അനുഭവിക്കുന്ന സമ്മര്‍ദ്ദം എന്താണെന്ന് അറിയുമോ? ഒറ്റയ്ക്ക് നില്‍ക്കുമ്ബോഴെ അത് മനസിലാകൂ.. നിങ്ങള്‍ ഒരു സംഘടനയുടെ ബലത്തിലാണ് സംസാരിക്കുന്നത്. എനിക്ക് ആരുമില്ലാതെയാണ് ഞാന്‍ ഇവിടെ നില്‍ക്കുന്നത്. നാളെ എങ്ങനെ ഡ്യൂട്ടി എടുക്കുമെന്ന് എനിക്ക് അറിയത്തില്ല.

ബൈഹിക്കിന്റെ ശബ്ദസന്ദേശത്തില്‍ കേള്‍ക്കുന്നത് അലാറമല്ലേയെന്നു മൊബൈല്‍ ദൃശ്യങ്ങള്‍ കാണിച്ചുകൊണ്ട് നജ്മ ചോദിക്കുന്നു. ഒറ്റയ്ക്ക് വന്ന് പുറത്ത് പറയുമ്ബോഴുള്ള അവസ്ഥ എന്താണെന്ന് നിങ്ങള്‍ക്ക് അറിയുമോ? ഇത്രയും നാള്‍ ഞാന്‍ കരയാതെ പിടിച്ചുനിന്നു. നാളെ തന്നെ അനുവദിക്കുകയാണെങ്കില്‍ ഡ്യൂട്ടിക്ക് കയറും. തനിക്ക് സറ്റാഫ് സിസ്റ്റര്‍മാരോട് ആരോടും ദേഷ്യമില്ല. പക്ഷേ, താന്‍ അവരെ ചീത്ത പറയുന്നത് മൂലം അവര്‍ക്ക് തന്നോട് ദേഷ്യം ഉണ്ട്. എപ്പോഴും തെറ്റുകുറ്റങ്ങള്‍ അവരോട് പറയുന്നത് മൂലം ദേഷ്യമുണ്ട്. ഇപ്പോഴും തന്റെ കൂടെ ഡ്യൂട്ടി എടുക്കുന്നത് ആര്‍ക്കും ഇഷ്ടമല്ല. ഞാന്‍ മഹത് വ്യക്തിയാണെന്ന് ആരോടും പറഞ്ഞിട്ടില്ല. പെര്‍ഫക്‌ട് ആണെന്നും ആരോടും പറഞ്ഞിട്ടില്ല. ഞാന്‍ നല്ല ഡോക്ടറാണെന്നും ആരോടും പറഞ്ഞിട്ടില്ല. രോഗികള്‍ മരിച്ചുവീഴുന്നത് ഇനിയും കണ്ടുനില്‍ക്കാനാകുന്നില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് നജ്മ പറഞ്ഞു.

ആദ്യം ജോലിക്ക് കേറിയ സമയത്ത് മനുഷ്യത്വം ഉണ്ടായിരുന്നു. ഒരു ആംബുലന്‍സിന്റെ ശബ്ദം കേള്‍ക്കുമ്ബോള്‍ പേടിയായിരുന്നു. ആര്‍ക്കെങ്കിലും വയ്യാ എന്ന് കേള്‍ക്കുമ്ബോള്‍ എനിക്ക് ടെന്‍ഷനായിരുന്നു. ഇപ്പോള്‍ എനിക്കത് ഇല്ല. ഇടയ്ക്ക് വെച്ച്‌ മനസിലായ കാര്യമാണത്. എവിടെയൊക്കെയൊ എന്റെ മനുഷ്യത്വം ചോര്‍ന്നുപോകുന്നതായി എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. അത് വീണ്ടെടുക്കണമെന്ന് വിചാരിച്ചപ്പോഴാണ് സിസ്റ്റര്‍മാരെല്ലാം തന്റെ ശത്രുക്കളായത്. അതിന് ശേഷമാണ് തിരുത്താന്‍ തുടങ്ങിയത് എന്നും നജ്മ ചര്‍ച്ചയില്‍ പറഞ്ഞിരുന്നു.

Related posts

Leave a Comment