ദൈവവിധി!ഗുജറാത്തില്‍ പാലം തകര്‍ന്ന് 133 പേര്‍ മരിച്ച സംഭവത്തില്‍ കോടതിയില്‍ കമ്പനി സ്വീകരിച്ചത് വിചിത്ര നിലപാട്

ഗാന്ധിനഗര്‍ : കഴിഞ്ഞ ഞായറാഴ്ച ഗുജറാത്തിലെ മോര്‍ബിയില്‍ തൂക്ക് പാലം തകര്‍ന്ന് 133 പേര്‍ മരണപ്പെട്ട ദാരുണ സംഭവത്തില്‍ വിചിത്ര നിലപാടുമായി നിര്‍മ്മാണ കമ്പനി

‘ഇത് ദൈവഹിതമായിരുന്നു (ഭഗവാന്‍ കി ഇച്ഛ!) അതിനാല്‍ ഇത്തരമൊരു ദൗര്‍ഭാഗ്യകരമായ സംഭവമുണ്ടായി എന്നാണ് പാലത്തിന്റെ അറ്റകുറ്റപ്പണിയുടെ ചുമതലയുണ്ടായിരുന്ന ഒറെവ കമ്പനിയുടെ മാനേജര്‍മാരിലൊരാളായ ദീപക് പരേഖ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ പറഞ്ഞത്.

എന്നാല്‍ നിര്‍മ്മാണ കമ്പനിക്കെതിരെ ശക്തമായ നിലപാടാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ സ്വീകരിച്ചത്.

പാലത്തിന്റെ നവീകരണ വേളയില്‍ കേടായ കേബിളുകള്‍ മാറ്റിയിട്ടില്ലെന്നും, അലൂമിനിയം ബേസ് തടിയില്‍ സ്ഥാപിച്ചതാണ് തകര്‍ച്ചയ്ക്ക് പിന്നിലെ യഥാര്‍ത്ഥ കാരണമെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.

മോര്‍ബി പാലം തകര്‍ന്ന കേസിലെ പ്രതികള്‍ക്ക് വേണ്ടി അഭിഭാഷകര്‍ ഹാജരായതിനെതിരെ മോര്‍ബി ആന്‍ഡ് രാജ്‌കോട്ട് ബാര്‍ അസോസിയേഷന്‍ പ്രമേയം പാസാക്കി.

2022ലാണ് ഗുജറാത്തിലെ മോര്‍ബി മുനിസിപ്പല്‍ കോര്‍പ്പറേഷനും അജന്ത ഒറെവ കമ്പനിയും തമ്മില്‍ പാലത്തിന്റെ അറ്റകുറ്റപ്പണിക്കും തുടര്‍ന്ന് 15 വര്‍ഷം പ്രവര്‍ത്തിപ്പിക്കാനുമുള്ള കരാറില്‍ ഒപ്പുവച്ചത്.

2037 വരെയായിരുന്നു ഒറെവ കമ്പനിക്ക് പാലത്തിന്റെ മേല്‍നോട്ട ചുമതല. പാലം നിര്‍മ്മിച്ച കമ്പനി ഇന്ത്യയിലെ ജനപ്രിയ ക്‌ളോക്ക് നിര്‍മ്മാതാക്കളായ അജന്തയുമായി ബന്ധമുള്ളതാണ്.

1971ല്‍ ഇന്ത്യയിലെ പ്രമുഖ വ്യവസായിയായ രാഘവ്ജി പട്ടേലാണ് അജന്ത സ്ഥാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ക്ലോക്ക് നിര്‍മ്മാതാക്കളുടെ കമ്പനി എന്നാണ് അജന്തയെ അറിയപ്പെടുന്നത്.

നിലവില്‍ എല്‍ഇഡി ബള്‍ബുകള്‍, സ്ട്രീറ്റ്, ഫ്ളഡ് ലൈറ്റുകള്‍, വാച്ചുകള്‍, ടൂത്ത് പേസ്റ്റ് തുടങ്ങിയ ഉപകരണങ്ങളുടെ നിര്‍മ്മാണം അജന്ത നടത്തുന്നുണ്ട്.

നൂറ്റാണ്ടുകള്‍ക്കുമുമ്പ് ബ്രിട്ടീഷ് ഭരണകാലത്ത് മച്ചു നദിക്ക് മുകളിലൂടെ പണിതതാണ് മോര്‍ബി പാലം. നാല് ദിവസം മുൻപാണ് തകരാര്‍ തീര്‍ത്ത് നവീകരിച്ച പാലം തുറന്നത്.ഗുജറാത്തി പുതുവര്‍ഷത്തിലായിരുന്നു തൂക്കുപാലം പൊതുജനങ്ങള്‍ക്കായി വീണ്ടും തുറന്നുകൊടുത്തത്.

അഞ്ഞൂറോളം പേര്‍ ഒരു സമയം പാലത്തില്‍ തിക്കിതിരക്കിയതോടെയാണ് അപകടമുണ്ടായത്. അപകടത്തിന് പിന്നിലെ കാരണങ്ങളെ അന്വേഷിക്കാന്‍ അഞ്ചംഗ പ്രത്യേക അന്വേഷണ സംഘം (എസ്‌ ഐ ടി) രൂപീകരിച്ചിട്ടുണ്ട്.

Related posts

Leave a Comment