മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥിനി ദേവികയുടെ മരണത്തില്‍ മലപ്പുറം ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥര്‍ക്കോ സ്കൂളിലെ അധ്യാപകര്‍ക്കോ വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മലപ്പുറം വളാഞ്ചേരി ഇരിമ്ബിളിയം ജി.എച്ച്.എ.എസ്.എസിലെ വിദ്യാര്‍ഥിനിയായിരുന്നു ദേവിക. ക്ലാസ് അധ്യാപകന്‍ അനീഷ് പഠനത്തിന് സൗകര്യമുണ്ടോയെന്ന് ദേവികയെ വിളിച്ചു സംസാരിച്ചിരുന്നു. അഞ്ചാം തിയ്യതിക്കകം സ്കൂളില്‍ സൗകര്യമുണ്ടാക്കാമെന്ന് വിദ്യാര്‍ഥിനിയെ അറിയിച്ചിരുന്നെന്നും ഡി.ഡി.ഇയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്കൂളിലെ ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളില്ലാത്ത കുട്ടികളുടെ പട്ടികയിലാണ്.പട്ടികയില്‍ ഉള്ളവര്‍ക്കു പഠന സംവിധാനങ്ങളൊരുക്കാന്‍ നടപടി തുടങ്ങിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ഓണ്‍ലൈന്‍ ക്ലാസ് ട്രയല്‍ മാത്രമാണെന്നും ദേവികയെ അറിയിക്കുകയും ചെയ്തിരുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ അധ്യാപകരുടെയോ ഉദ്യോഗസ്ഥരുടെയോ ഭാഗത്തുനിന്നു വീഴ്ചയുണ്ടായെന്നു കരുതാനാവില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
ദേവികയുടെ മരണത്തില്‍ വകുപ്പിന് വീഴ്ചയില്ലെന്ന് ഡി.ഡി.ഇയുടെ റിപ്പോര്‍ട്ട്
