ദുല്‍ഖര്‍ നായകനാകുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ടീസര്‍ പുറത്ത്

ദുല്‍ഖര്‍ സല്‍മാന്റെ പിറന്നാള്‍ ദിനത്തില്‍ പുറത്തുവിട്ട കുറുപ്പ് സിനിമയുടെ ടീസറിലെ ഡയലോഗ് ഇങ്ങനെയാണ്. ദുല്‍ഖര്‍ സല്‍മാന്റെ പുറത്തുവരാനിരിക്കുന്ന സിനിമകളില്‍ ഏറ്റവും പ്രതീക്ഷയര്‍പ്പിക്കുന്ന പ്രൊജക്ടുമാണ് ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത കുറുപ്പ്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്. ജിതിന്‍ ജോസിന്റെ കഥക്ക് ഡാനിയല്‍ സായൂജ് നായരും, കെ എസ് അരവിന്ദും തിരക്കഥയൊരുക്കുന്നു. സുഷിന്‍ ശ്യാം പശ്ചാത്തല സംഗീതവും നിമിഷ് രവി ക്യാമറയും. ദുല്‍ഖറിന്റെ ബാനറായ വേ ഫെററും എം സ്റ്റാറും ചേര്‍ന്നാണ് നിര്‍മ്മാണം.

കേരളാ പൊലീസിന്റെ പട്ടികയില്‍ പിടികിട്ടാപ്പുള്ളിയായി തുടരുന്ന സുകുമാരക്കുറുപ്പിന്റെ ദൂരൂഹ ജീവിതവും കുറ്റകൃത്യവും ത്രില്ലര്‍ സ്വഭാവത്തില്‍ അവതരിപ്പിക്കുന്ന സിനിമയാണ് കുറുപ്പ്. ദുല്‍ഖര്‍ സല്‍മാന്‍ സുകുമാരക്കുറുപ്പിനെ അവതരിപ്പിക്കുന്ന സിനിമ 2017ല്‍ പ്രഖ്യാപിച്ചതാണ്. അഞ്ച് വര്‍ഷത്തെ തയ്യാറെടുപ്പിനും ഗവേഷണത്തിനും ശേഷമാണ് ശ്രീനാഥ് രാജേന്ദ്രന്‍ ചിത്രീകരണത്തിലേക്ക് കടന്നത്.

കുറുപ്പ് ഫെബ്രുവരി 23ന് ഷൂട്ടിംഗ് പൂര്‍ത്തിയായി. മമ്മൂട്ടിയുടെ വിതരണ കമ്ബനിയായ പ്ലേ ഹൗസ് ആണ് സിനിമ റിലീസ് ചെയ്യുന്നത്.35 വര്‍ഷം മുമ്ബ് കേരളത്തെ ഒന്നാകെ ഞെട്ടിച്ച ആസൂത്രിത കൊലപാതകവും കുറുപ്പിന്റെ തിരോധാനവും പ്രമേയമാക്കിയ സിനിമയില്‍ വിവിധ ഗെറ്റപ്പുകളിലാണ് ദുല്‍ഖര്‍ സല്‍മാന്‍. ആദ്യ ഷെഡ്യൂള്‍ പാലക്കാട് പൂര്‍ത്തിയാക്കിയ ശേഷം ഹൈദരാബാദ്, ഗുജറാത്ത്, അഹമ്മദാബാദ്, ദുബായ് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സുകുമാരക്കുറുപ്പ് കൊലപ്പെടുത്തിയ ഫിലിം റപ്രസന്റേറ്റീവ് ചാക്കോയുടെ റോളില്‍ അതിഥി താരമായി ടൊവിനോ തോമസും കുറുപ്പിനെ തേടുന്ന പൊലീസ് ഉദ്യോഗസ്ഥനായി ഇന്ദ്രജിത്ത് സുകുമാരനും സിനിമയിലുണ്ട്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്ത ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റ ചിത്രം സെക്കന്‍ഡ് ഷോയുടെ രചയിതാവ് വിനി വിശ്വലാല്‍ ആണ് ക്രിയേറ്റീവ് ഡയറക്ടര്‍. വിവേക് ഹര്‍ഷന്‍ ആണ് എഡിറ്റിംഗ്. വിഗ്നേഷ് കൃഷ്ണനും, രജീഷുമാണ് സൗണ്ട് ഡിസൈന്‍. പ്രവീണ്‍ വര്‍മ്മ കോസ്റ്റിയൂം.

Related posts

Leave a Comment