തിരുവനന്തപുരം: ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഇടനിലക്കാര്‍ വഴി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ പേരില്‍ വന്‍തട്ടിപ്പ് നടത്തുന്നു എന്ന് വ്യക്തമായതോടെ വ്യാപക പരിശോധന നടത്താന്‍ നിര്‍ദ്ദേശം.
സഹായം ആവശ്യപ്പെട്ട് സമര്‍പ്പിച്ച അപേക്ഷകളും രേഖകളും സമഗ്രമായ പരിശോധന നടത്താനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്. ഇന്നലെ വിജിലന്‍സ് നടത്തിയ മിന്നല്‍ റെയ്ഡില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.
ഇതേത്തുടര്‍ന്നാണ് വ്യാപക പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചത്.വരും ദിവസങ്ങളിലും തുടരുന്ന റെയ്ഡ് പൂര്‍ത്തിയായ ശേഷമേ തട്ടിപ്പിന്റെ വ്യാപ്തി വ്യക്തമാകൂ.
ഇന്നലത്തെ പരിശോധനയില്‍ മരിച്ചവരുടെ പേരിലും ചികിത്സാസഹായം തട്ടുന്നു എന്ന് കണ്ടെത്തിയിരുന്നു. കൈക്കൂലി വാങ്ങി വ്യാജമെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി ഡോക്ടര്‍മാരും തട്ടിപ്പില്‍ ഒത്താശചെയ്യുന്നുണ്ട്.
ഇതിനായി പുനലൂരില്‍ ഒരു ഡോക്ടര്‍ നല്‍കിയത് 1500 മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍.
കൊല്ലം, കോട്ടയം, ആലപ്പുഴ ജില്ലകളിലാണ് മരിച്ചവരുടെ പേരില്‍ ചികിത്സാസഹായം തട്ടിയെടുത്തത്. കളക്ടറേറ്റുകളില്‍ ദുരിതാശ്വാസ നിധിയുടെ ചുമതലയുള്ള ഉദ്യോഗസ്ഥരും ഏജന്റുമാരും ഒത്തുകളിച്ചാണ് തട്ടിപ്പ്.
വ്യാജ മെഡിക്കല്‍, വരുമാന സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാണ് പണം തട്ടുന്നത്. ഇതില്‍ നേരത്തേ പറഞ്ഞുറപ്പിച്ച തുക ഏജന്റുമാരും ഉദ്യോഗസ്ഥരുമെടുക്കും.
എല്ലാ ജില്ലകളിലും വമ്പന്‍ ക്രമക്കേടുകളാണെന്നും പരിശോധനയോ മാനദണ്ഡങ്ങളോ ഇല്ലാതെ പണം അനുവദിക്കുകയാണെന്നും വിജിലന്‍സ് മേധാവി മനോജ് എബ്രഹാം കേരളകൗമുദിയോട് പറഞ്ഞു.
ഓണ്‍ലൈന്‍ അപേക്ഷയ്ക്കൊപ്പം നല്‍കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ മിക്കതും വ്യാജമാണ്. സൂക്ഷ്മപരിശോധനയില്ല.കുടുംബവാര്‍ഷിക വരുമാനം ഒരുലക്ഷം കവിയരുതെന്നാണ് വ്യവസ്ഥ.
എന്നാല്‍ എറണാകുളത്ത് സമ്ബന്നനായ വിദേശമലയാളിക്ക് ചികിത്സാസഹായമായി മൂന്നു ലക്ഷവും മറ്റൊരു വിദേശമലയാളിക്ക് 45,000 രൂപയും അനുവദിച്ചു. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ ചികിത്സാച്ചെലവ് രേഖപ്പെടുത്താത്ത അപേക്ഷയിലും ധനസഹായം നല്‍കി.
കാസര്‍കോട്ട് ഒരേ കൈയക്ഷരത്തിലുള്ള രണ്ട് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകളില്‍ രണ്ടു ഡോക്ടര്‍മാരാണ് ഒപ്പിട്ടിട്ടുള്ളത്. ആധാര്‍, റേഷന്‍കാര്‍ഡ് പകര്‍പ്പ് നല്‍കാത്തവര്‍ക്കും അപേക്ഷയില്‍ ഒപ്പില്ലാത്തവര്‍ക്കും പണംകിട്ടി.