ദിലീപ് എത്തിയത് 20 മിനിട്ട് വൈകി, ചോദ്യങ്ങളെ നേരിട്ടത് പതിവില്‍ നിന്നും വിപരീതമായി, കാവ്യ മാധവനെ അടുത്ത ദിവസം ചോദ്യം ചെയ്യും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നടന്‍ ദിലീപിനെ ഇന്നലെ ഏഴു മണിക്കൂര്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

ഇന്നുരാവിലെ 11ന് വീണ്ടും ഹാജരാകണമെന്ന് നിര്‍ദ്ദേശം നല്‍കി. നടിയെ ആക്രമിച്ച്‌ പ്രതി പള്‍സര്‍ സുനി ഫോണില്‍ പകര്‍ത്തിയ ദൃശ്യം കണ്ടിട്ടില്ലെന്ന് ദിലീപ് ആവര്‍ത്തിച്ചു. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ മൊഴി അറിയില്ലെന്നും പറഞ്ഞു.

ആലുവ പൊലീസ് ക്ലബ്ബില്‍ ഇന്നലെ രാവിലെ 11.30ന് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി എസ്.ശ്രീജിത്തിന്റെ മേല്‍നോട്ടത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പല ചോദ്യങ്ങളോടും നിഷേധാത്മക നിലപാട് സ്വീകരിച്ചെങ്കിലും ദിലീപില്‍ നിന്ന് ചില നിര്‍ണായക വിവരങ്ങള്‍ ശേഖരിക്കാനായെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. ഇതുവരെ ശേഖരിച്ച മൊഴികളും ഫോറന്‍സിക് വിവരങ്ങളും കോര്‍ത്തിണക്കിയായിരുന്നു ചോദ്യങ്ങള്‍. ചില ചോദ്യങ്ങളോട് ദിലീപ് മൗനം പാലിച്ചു.

ഫോറന്‍സിക് റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള കാട്ടി കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനാണ് ഇന്നും ഹാജരാകാന്‍ ആവശ്യപ്പെട്ടത്. ഇന്നലെ 11മണിക്ക് ഹാജരാകാനാണ് ആവശ്യപ്പെട്ടിരുന്നതെങ്കിലും 20 മിനിറ്റ് വൈകി, ഫോക്സ് വാഗണ്‍ പോളോ കാറിലാണ് ദിലീപ് എത്തിയത്. കരിനീല ഷര്‍ട്ടും ഇളം നീല ജീന്‍സും കറുത്ത മാസ്‌കുമായിരുന്നു വേഷം. 11.30ന് ചോദ്യം ചെയ്യല്‍ ആരംഭിച്ചു. വൈകിട്ട് 6.45ഓടെയാണ് മടങ്ങിയത്. ദിലീപിന്റെ ഭാര്യ കാവ്യ മാധവനെ അടുത്ത ദിവസം ചോദ്യം ചെയ്യും. ഇവര്‍ക്ക് ഉടന്‍ ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയേക്കും.

സാഗര്‍ വിന്‍സെന്റിനെ ചോദ്യം ചെയ്യണമെന്ന് സര്‍ക്കാര്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ സാക്ഷി ആലപ്പുഴ സ്വദേശി സാഗര്‍ വിന്‍സെന്റിനെ ചോദ്യം ചെയ്യേണ്ടതുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. മൊഴിമാറ്റാന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ ബൈജു പൗലോസ് ഭീഷണിപ്പെടുത്തുന്നതായി ആരോപിച്ച്‌ സാഗര്‍ നല്‍കിയ ഹര്‍ജിയിലാണിത്. ചോദ്യം ചെയ്യലിന് അഭിഭാഷകന്റെ സാന്നിദ്ധ്യം അനുവദിക്കണമെന്ന് സാഗര്‍ ആവശ്യപ്പെട്ടെങ്കിലും പ്രതികള്‍ക്കാണ് അപൂര്‍വമായി ഇത്തരത്തില്‍ അനുമതി നല്‍കുന്നതെന്നും ഹര്‍ജിക്കാരന്‍ സാക്ഷിയാണെന്നും അഡിഷണല്‍ പബ്ളിക് പ്രോസിക്യൂട്ടര്‍ പി. നാരായണന്‍ വ്യക്തമാക്കി. തുടര്‍ന്ന് ജസ്റ്റിസ് അനു ശിവരാമന്റെ ബെഞ്ച് ഹര്‍ജി ഇന്നു പരിഗണിക്കാന്‍ മാറ്റി. കാവ്യ മാധവന്റെ സഹോദരന്റെ സ്ഥാപനമായ ‘ലക്ഷ്യ’യിലെ മുന്‍ ജീവനക്കാരനാണ് സാഗര്‍.

Related posts

Leave a Comment